വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന യുവാവ് പിടിയിൽ

Saturday 20 August 2022 11:14 PM IST

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണിയെ തളിപ്പറമ്പ് റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂവേരി താഴെ ഇടക്കോത്തെ കുളമ്പിൽ ഹൗസിൽ കെ.മുഹമ്മദ് ഇല്ല്യാസിനെ (23) ആണ് പ്രിവന്റീവ് ഓഫീസർ ടി.വി.കമലാക്ഷന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവാവിന്റെ പക്കൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച് ഉണക്ക കഞ്ചാവ് പൊതികൾ കണ്ടെടുത്തു. ചപ്പാരപ്പടവ് മേത്തുരുമ്പയിൽ വച്ചാണ് ഇല്യാസ് പിടിയിലായത് ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയാണ് ഇല്ല്യാസ് കഞ്ചാവ് എത്തിക്കാറുള്ളത്. ചപ്പാരപ്പടവ്, എടക്കോം, പൂവ്വം, കൂവേരി, ഏര്യം ഭാഗങ്ങളിൽ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തും. മേഖലയിലെ പ്രധാന വിൽപ്പനക്കാരനാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. വൈകുന്നേരം ആറുമണി കഴിഞ്ഞതിന് ശേഷമാണ് കഞ്ചാവ് എത്തിച്ച് നൽകാറുള്ളത്. ഫോൺ മുഖേന ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കിയായിരുന്നു ഈയാളുടെ ഇടപാട്.