ദേശീയപാത നിർമ്മാണ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
പോത്തൻകോട്: മംഗലപുരം തോന്നയ്ക്കൽ വെയിലൂരിൽ ടാർ മിക്സിംഗ് യൂണിറ്റ് നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധിച്ചു. വെട്ടുറോഡ് മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയുടെ നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനി മംഗലപുരം വെയിലൂരിൽ ആറര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് 30 മാസത്തേക്ക് വാടകയ്ക്ക് എടുത്തിരുന്നു. സ്ഥലത്തിന് തൊട്ടടുത്തായി സ്പെഷ്യൽ സ്കൂളുകളും അങ്കണവാടികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആർ.ഡി.എസ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു.നിർമ്മാണ കമ്പനിക്ക് പൊലീസ് സംരക്ഷണം കൊടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഏറ്റെടുത്ത സ്ഥലം വൃത്തിയാക്കാൻ വന്നവരെ നാട്ടുകാരുടെ നേതൃത്വത്തിൽ ഇന്നലെ തടഞ്ഞതിനെത്തുടർന്ന് മംഗലപുരം പൊലീസെത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.സമരം അനാവശ്യമാണെന്നും നിർമ്മാണ പ്രവൃത്തികൾ വൈകാൻ സമരം ഇടയാക്കുമെന്നും ആർ.ഡി.എസ് കമ്പനി വൈസ് ചെയർമാൻ രവീന്ദ്രൻ നായർ പറഞ്ഞു.