റോഡ് സംസ്കാരവും നിയമത്തിന്റെ ഭാഗമാക്കണം

Sunday 21 August 2022 1:19 AM IST

എറണാകുളം പറവൂരിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പ്രകോപനപരമായ പെരുമാറ്റത്തിൽ ഭയചകിതനായി കാർ യാത്രികൻ മരണമടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായിരിക്കുകയാണ്. കാർ ഓടിച്ചിരുന്ന യുവാവിന്റെ പിതാവാണ് ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണു മരിച്ചത്. ബസിനു സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കശപിശയുമാണ് ദൗർഭാഗ്യകരമായ ഈ മരണത്തിൽ കലാശിച്ചത്. കാറിനെ മറികടന്ന സ്വകാര്യ ബസ് കാറിന്റെ സൈഡ് കണ്ണാടിയിൽ തട്ടിയതാണ് പ്രശ്നമായത്. അതിനു മുമ്പുതന്നെ സൈഡിനുവേണ്ടി സ്വകാര്യബസ് കാർ യാത്രക്കാരെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു എന്നാണ് റിപ്പോർട്ട്. ബസ് ജീവനക്കാരുടെ പെരുമാറ്റം ചോദ്യംചെയ്ത കാർ ഓടിച്ചിരുന്ന യുവാവിനെ ഡ്രൈവർ കത്തികൊണ്ടു കുത്താനാഞ്ഞതു കണ്ടാണ് ഒപ്പമുണ്ടായിരുന്ന പിതാവ് ബോധമറ്റ് അന്ത്യശ്വാസം വലിച്ചത്. മകന് അക്രമിയുടെ കൈയാൽ ആപത്തു സംഭവിക്കുമോ എന്ന ആശങ്ക സ്വാഭാവികമായും ലോലഹൃദയനായ പിതാവിനെ അവശനാക്കിയിരിക്കാം. ഏതായാലും ബസ് ജീവനക്കാരുടെ തെമ്മാടിത്തം കാരണം ചുള്ളിക്കൽ സ്വദേശിയായ ഫസിലുദ്ദീൻ എന്ന അൻപത്തിനാലുകാരന്റെ വിലപ്പെട്ട ജീവനാണു നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊതുനിരത്തുകൾ യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന യാഥാർത്ഥ്യം മറക്കുമ്പോഴാണ് ഇതുപോലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത്. മുൻപേ പോകുന്ന വാഹനം മറികടക്കാനുള്ള ശ്രമത്തിൽ സകല റോഡ് നിയമങ്ങളും കാറ്റിൽ പറത്തുന്നവരെ ഏതുസ്ഥലത്തും കാണാം. ഏതു വിധേനയും മുന്നിൽ കടക്കുക എന്ന ഭ്രാന്തമായ ആവേശത്തിനിടയിൽ തട്ടലും മുട്ടലുമൊക്കെ സാധാരണ സംഭവങ്ങൾ മാത്രം. സൈഡ് കൊടുക്കാത്തതിന്റെ പേരിൽ എത്രയോ ട്രാൻസ്പോർട്ട് ഡ്രൈവർമാരും മറ്റു വാഹന ഉടമകളും പൊതുനിരത്തുകളിൽ അടിവാങ്ങേണ്ടിവന്നിട്ടുണ്ട്. റോഡിൽ സ്റ്റണ്ടും സാഹസവും കാണിച്ച് സായൂജ്യം നേടാനൊരുങ്ങുന്നവർ നിരപരാധികളുടെ ജീവനെടുത്താണ് പന്താടുന്നതെന്ന കാര്യം ഓർക്കാറില്ല. ഇത്തരക്കാരെ നേരിടാൻ നിയമമൊക്കെ ഉണ്ടങ്കിലും അധികമാരും ആ വഴിക്കൊന്നും പോകാറില്ല. വെറുതേ എന്തിന് പൊല്ലാപ്പ് എടുത്ത് തലയിൽ വയ്ക്കുന്നു എന്ന തോന്നലിൽ നിന്നാണ് അതുണ്ടാകുന്നത്.

പൊതുനിരത്തുകൾക്ക് ഉൾക്കൊള്ളാനാവാത്തത്ര വാഹനങ്ങളാണ് ഇവിടെ ഓടിക്കൊണ്ടിരിക്കുന്നത്. കഷ്ടിച്ചു രണ്ടു വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാൻ മാത്രം വീതിയുള്ളവയുമാണ് നിരത്തുകളിൽ അധികവും. റോഡിൽ എവിടെയെങ്കിലുമൊരു തടസം വന്നാൽ കുരുക്കഴിയാൻ ഏറെ സമയം വേണ്ടിവരും. അക്ഷമരായ ചിലർ സാഹസികതയ്ക്ക് ഒരുങ്ങുമ്പോഴാകും സകലതും താളം തെറ്റുന്നത്. ശോഭായാത്ര പ്രമാണിച്ച് ഗതാഗത നിയന്ത്രണത്തിൽപ്പെട്ട് ഏറെസമയം നഷ്ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് സ്വകാര്യ ബസ് മുൻപിലുള്ള വാഹനങ്ങളെ മറികടന്നുകൊണ്ടിരുന്നത്. ഇതൊന്നും പക്ഷേ നിയമലംഘനത്തിനോ കാർ യാത്രികരെ ആക്രമിക്കുന്നതിനോ കാരണമാകുന്നില്ല . ബസ് ഓടിക്കുന്നവർ കൈയിൽ കത്തിയുമായി മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നത് ഒരുവിധ ന്യായീകരണവുമില്ല. ഇത്തരം ആൾക്കാരെ കർക്കശമായിത്തന്നെ നിയന്ത്രിക്കണം.

നമ്മുടെ റോഡുകൾ പോലെതന്നെ അവയിലൂടെ വാഹനങ്ങൾ പറപ്പിക്കുന്നവരും റോഡ് നിയമങ്ങളോ റോഡ് സംസ്കാരമോ പാലിക്കുന്നവരാണെന്നു പറയാനാവില്ല. ഈ വിഷയത്തിൽ അപരിഷ്‌കൃതമെന്നു നാം കരുതുന്ന ചില രാജ്യങ്ങളേക്കാൾ പിറകിലാണ് റോഡ് സംസ്കാരത്തിന്റെ കാര്യത്തിൽ നമ്മളെന്നു പറയേണ്ടിവരും.

Advertisement
Advertisement