ക്രൈമിയയിൽ ഡ്രോൺ ആക്രമണം

Sunday 21 August 2022 4:31 AM IST

കീവ് : ക്രൈമിയയിൽ റഷ്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം. ആറ് യുക്രെയിൻ ഡ്രോണുകൾ റഷ്യൻ സേന വെടിവച്ച് വീഴ്ത്തിയെന്ന് റിപ്പോർട്ടുണ്ട്. റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ ആസ്ഥാനമായ ക്രൈമിയയിലെ സെവാസ്റ്റോപോളിന് മുകളിലൂടെ പറന്ന ഡ്രോണും ഇതിൽപ്പെടുന്നു. ആളപായം ഇല്ലെന്നാണ് പ്രാഥമിക വിവരം. 2014ലാണ് ക്രൈമിയയെ റഷ്യ യുക്രെയിനിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസവും സെവാസ്റ്റോപോളിന് സമീപം സ്ഫോടനങ്ങളുണ്ടായിരുന്നു. റഷ്യയിൽ യുക്രെയിൻ അതിർത്തിയോട് ചേർന്നുള്ള ബെൽഗൊറോഡ് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിലും നേരത്തെ സ്ഫോടനങ്ങളുണ്ടായി. അതേ സമയം, ജൂലായ് അവസാനം സെപൊറീഷ്യയിൽ റഷ്യൻ സൈനികരിൽ ചിലർക്ക് വിഷബാധയേറ്റെന്നും യുക്രെയിനാണ് ഇതിന് പിന്നിലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. എത്ര പേർക്ക് വിഷബാധയേറ്റെന്ന് വ്യക്തമല്ല. സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ബോട്ടുലിനം ടോക്സിൻ ടൈപ്പ് ബിയുടെ അംശം കണ്ടെത്തിയെന്ന് റഷ്യ പറയുന്നു. തെക്ക് കിഴക്കൻ യുക്രെയിനിലുള്ള സെപൊറീഷ്യ നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. എന്നാൽ കാലപ്പഴക്കം ചെന്ന മാംസാഹാരം കഴിച്ചതാണ് വിഷബാധയ്ക്ക് കാരണമെന്ന് യുക്രെയിൻ പ്രതികരിച്ചു.

Advertisement
Advertisement