ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ ഭക്ഷ്യ ഇടനാഴി ചർച്ചയിൽ

Sunday 21 August 2022 4:31 AM IST

ടെൽ അവീവ് : യുക്രെയിനിലെ റഷ്യൻ അധിനിവേശം യൂറോപ്പിൽ ഭീതി സൃഷ്ടിക്കുന്നതിനിടെ 21-ാം നൂറ്റാണ്ടിലെ ഭക്ഷ്യ വിതരണ ശൃംഖലയെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാൻ ഇന്ത്യയും യു.എ.ഇയും ഇസ്രയേലും കൈകോർക്കുന്നു.

യുക്രെയിൻ അധിനിവേശവും റഷ്യയ്ക്ക് മേലുള്ള ഉപരോധങ്ങളും ലോകത്തെ പ്രധാന ഭക്ഷ്യ വിതരണ ശൃംഖലകളെ കാര്യമായി ബാധിച്ചു. ലോകം ഭക്ഷ്യക്ഷാമത്തിന്റെ വക്കിൽ വരെയെത്തി. ഇത്തരം പ്രതിസന്ധിഘട്ടങ്ങളെ നേരിടാൻ ഒരു അന്താരാഷ്ട്ര 'ഭക്ഷ്യ ഇടനാഴി " സൃഷ്ടിക്കാൻ മൂന്ന് രാജ്യങ്ങളും തമ്മിൽ ചർച്ചകൾ സജീവമാണ്.

ജൂലായ് 14ന് നടന്ന ആദ്യ ഐ2യു2 ഉച്ചകോടിയിലാണ് 'ഭക്ഷ്യ ഇടനാഴി' എന്ന ആശയം ഉയർന്നത്. ഇസ്രയേൽ പ്രധാനമന്ത്രി യെയ്‌ർ ലാപിഡ്, ​ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ വെർച്വലായാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ സഖ്യമാണ് ഐ2യു2.

ലോക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സഖ്യം രൂപീകരിച്ചിരിക്കുന്നത്. ആദ്യ ഉച്ചകോടിയിൽ ഭക്ഷ്യസുരക്ഷ, സഹകരണം, സാമ്പത്തികം, വ്യാപാരം, സാങ്കേതികവിദ്യ,​ ബഹിരാകാശം തുടങ്ങിയവ ചർച്ചയായി. പശ്ചിമേഷ്യയിലുടനീളവും കിഴക്കൻ യൂറോപ്പിലേക്കും വാണിജ്യബന്ധങ്ങൾ പുനഃക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ഈ കൂട്ടായ്മ യൂറേഷ്യൻ മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്ന ഒന്നാണ്.

അതേസമയം, അമേരിക്കയുടെ ഇടപെടലില്ലാതെ ഇന്ത്യ, ഇസ്രയേൽ, യു.എ.ഇ രാജ്യങ്ങളിലെ സ്വകാര്യ മേഖലകളുടെ ശ്രമങ്ങൾ ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തെ പൂർണ്ണമായും അടിസ്ഥാനമാക്കിയുള്ളതാണ് ഭക്ഷ്യ ഇടനാഴി. ഇന്ത്യ-മിഡിൽ ഈസ്റ്റ് മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ ഉത്പാദനം വർദ്ധിപ്പിക്കാനും ഇടനാഴി കാരണമാകും.

ആഗോള ഭക്ഷ്യ ഉത്പാദനത്തിൽ (കലോറി കണക്കാക്കുമ്പോൾ) ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാൽ, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിൽ നാലാം സ്ഥാനമാണ്. ഇന്ത്യൻ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ ഇനിയും വികസനങ്ങൾ അനിവാര്യമാണ്. ഐ2യു2 ഉച്ചകോടിയിൽ ഇന്ത്യയിൽ ഫുഡ് പാർക്കുകളുടെ നിർമ്മാണത്തിനായി 2 ബില്യൺ ഡോളർ നിക്ഷേപം യു.എ.ഇ വാഗ്ദാനം ചെയ്തിരുന്നു.

ഭക്ഷ്യ ഇടനാഴി ഏകദേശം 2 ദശലക്ഷം കർഷകർക്ക് പ്രയോജനമാകുമെന്നും ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് യു.എ.ഇയുടെ കണക്കുകൂട്ടൽ. ഇന്ത്യയുടെ ഉത്പാദന വർദ്ധനവിന് സാങ്കേതിക വികസനത്തിലൂന്നിയുള്ള പിന്തുണയാണ് ഇസ്രയേൽ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളം ഏകദേശം 29 കാർഷിക കേന്ദ്രങ്ങൾ ഇസ്രയേൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 1,50,000 കർഷകർ ഈ കേന്ദ്രങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ടെന്നാണ് കണക്ക്.

Advertisement
Advertisement