സൗദിയിൽ പുതുചരിത്രവുമായി വനിതകൾ

Sunday 21 August 2022 4:48 AM IST

റിയാദ് : സൗദി അറേബ്യയിൽ പുത്തൻ തൊഴിലിടങ്ങൾ തേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. അടുത്ത കാലംവരെ സൗദിയിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് ചിന്തിക്കാൻ പോലും പറ്റാതിരുന്ന ഡിജെയിംഗ് (ഡിസ്‌ക് ജോക്കി) ഉൾപ്പെടെയുള്ള പ്രൊഫഷനുകളിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയമാകുകയാണ്. ദുബായ് എക്‌സ്‌പോയിലടക്കം ഇവർ പ്രശംസ ഏറ്റുവാങ്ങി.

ഡി.ജെ കരിയർ തിരഞ്ഞെടുക്കുന്നതിനെ കുടുംബം അംഗീകരിച്ചിരുന്നില്ലെന്ന് 'ബേർഡ് പേഴ്‌സൺ' എന്ന ഹിറ്റ് പരിപാടിയിലൂടെ ശ്രദ്ധേയായ റിയാദിൽ നിന്നുള്ള ഡി.ജെ ലുജെയിൻ അൽബിഷി പറഞ്ഞു. കഴിഞ്ഞ വർഷം റിയാദിൽ നടന്ന ബീസ്‌റ്റ് സൗണ്ട് സ്‌റ്റോം ഫെസ്‌റ്റിവലിൽ ഈ 26കാരി പങ്കെടുത്തിരുന്നു. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയാണ് വ്യത്യസ്‌ത തൊഴിലിടങ്ങളിലേക്ക് സ്ത്രീകൾക്കും അവസരമൊരുക്കുന്നത്.

പൂർണ്ണമായും വനിതാ ജീവനക്കാരുള്ള ആദ്യ ആഭ്യന്തര വിമാന സർവീസുമായി സൗദി എയർലൈനായ ഫ്ലൈ അദീൽ മേയിൽ രംഗത്തെത്തിയിരുന്നു. ഏഴ് വനിതാ ജീവനക്കാർ പറത്തിയ വിമാനത്തിന്റെ കോ - പൈല​റ്റ് സൗദിയിലെ ഏ​റ്റവും പ്രായം കുറഞ്ഞ വനിതാ പൈല​റ്റ് 23കാരിയായ യാരാ ജാൻ ആയിരുന്നു. പൈല​റ്റ് ജോലി പ്രൊഫഷൻ ആക്കുന്ന സൗദി വനിതകളുടെ എണ്ണവും സമീപകാലത്ത് കൂടുന്നതായാണ് കണക്ക്.

വിമാനം മാത്രമല്ല, അതിവേഗ ട്രെയിനുകൾ ഓടിക്കാൻ 31 സ്ത്രീകൾ ഈ മാസം ആദ്യം ലോക്കോ പൈല​റ്റ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. ഡിസംബറിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം വിവിധ നഗരങ്ങളിലെ ട്രെയിൻ സർവീസുകളെ ഇവർ നിയന്ത്രിക്കും.

ഏറ്റവും പുതിയ കണക്ക് പ്രകാരം മൂന്ന് വർഷം മുമ്പ് 20.5 ശതമാനമായിരുന്ന സൗദിയിലെ ആഭ്യന്തര തൊഴിൽ വിപണിയിലെ സ്വദേശി സ്ത്രീകളുടെ പങ്കാളിത്തനിരക്ക് ഈ വർഷം ആദ്യപാദം 33.6 ശതമാനമായി ഉയർന്നു. തൊഴിൽരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാൻ ഭരണകൂടം വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. 8 ലക്ഷത്തിലേറെ സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതികളും പ്രയോജനപ്പെടുത്തിയെന്നാണ് കണക്ക്.

സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മത്സ്യബന്ധന മേഖലയിലേക്കും സ്ത്രീകൾ എത്തുകയാണ്. 60 വനിതകൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണൽ ഫിഷറീസ് പ്രോഗ്രാമിലൂടെ മത്സ്യബന്ധന പരിശീലനം നൽകിവരുന്നു.

Advertisement
Advertisement