സൊമാലിയൻ ഹോട്ടലിൽ ഭീകരാക്രമണം : 16 മരണം

Sunday 21 August 2022 5:03 AM IST

മൊഗാഡീഷു : കിഴക്കേ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡീഷുവിലെ ഹോട്ടലിൽ പ്രാദേശിക ഭീകരസംഘടനയായ അൽ ഷബാബ് നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 40ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി മൊഗാഡീഷുവിലെ ഹയാത്ത് ഹോട്ടലിന് പുറത്ത് രണ്ട് ബോംബ് സ്ഫോടനങ്ങൾ നടത്തിയ ശേഷം ഹോട്ടലിനുള്ളിലേക്ക് ഇരച്ച് കയറിയ ഭീകരർ വെടിവയ്പ് നടത്തുകയായിരുന്നു. ഹോട്ടലിനുള്ളിൽ തുടരുന്ന ഭീകരരെ തുരത്താൻ സൈന്യം പോരാട്ടം തുടരുകയാണ്. ഹോട്ടലിനുള്ളിൽ എത്ര ഭീകരർ ഉണ്ടെന്ന് വ്യക്തമല്ല.

ഹോട്ടലിന്റെ പല ഭാഗങ്ങളും സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ തകർന്നു. സർക്കാരിനെ അട്ടിമറിക്കാൻ കഴിഞ്ഞ 15 വർഷമായി രാജ്യത്ത് സജീവമായി ആക്രമണങ്ങൾ നടത്തുന്നവരാണ് അൽ - ക്വഇദയുമായി ബന്ധമുള്ള അൽ ഷബാബ് ഭീകരർ.