ഇരുട്ടടിയായി ചക്രവാതച്ചുഴിയും ഗ്ലാസ്‌റ്റോ മിന്നൽച്ചുഴലിയും : 32.25 കോടിയുടെ നഷ്ടച്ചുഴിയിൽ കർഷകർ

Sunday 21 August 2022 6:37 PM IST

തൃശൂർ : ഓണം പൊടിപൊടിക്കാൻ കാത്തുവച്ച നേന്ത്രവാഴകളുൾപ്പെടെ നശിച്ച് കാലവർഷത്തിൽ കർഷകർക്ക് 32.25 കോടിയുടെ നഷ്ടം. ഓണവിപണി പ്രതീക്ഷിച്ച് കൃഷി ചെയ്ത കുലച്ച വാഴകൾ മാത്രം ഒടിഞ്ഞു വീണത് 2,74,932 എണ്ണമാണ്. കുലയ്ക്കാത്ത 1,31,052 എണ്ണവും നശിച്ചു.

447.27 ഹെക്ടറിലെ 6.71 കോടി വിലവരുന്ന വിളഞ്ഞ നെൽച്ചെടികളാണ് മഴയിൽ നശിച്ചത്. 17.5 ഹെക്ടറിലെ നെൽക്കൃഷിയാണ് മുങ്ങിപ്പോയത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 20 വരെയുള്ള രണ്ടര മാസത്തെ കണക്കാണിത്. ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ ചക്രവാതച്ചുഴിയെ തുടർന്നുണ്ടായ കനത്ത മഴയാണ് നാശം വർദ്ധിക്കാൻ ഇടയാക്കിയത്. കൂടാതെ അന്നമനട, ഒല്ലൂർ, പുത്തൂർ, ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ ഗ്ലാസ്‌റ്റോ മിന്നൽച്ചുഴലിയും നാശം വിതച്ചു. ഒരു കോടിയിലേറെ രൂപയുടെ ജാതിക്കൃഷിയും കാലവർഷക്കെടുതിയിൽ നശിച്ചു. പച്ചക്കറി, തെങ്ങ്, റബ്ബർ, കുരുമുളക്, ഇഞ്ചി, പ്ലാവ്, കശുവണ്ടി, കിഴങ്ങ് വർഗങ്ങൾ, എള്ള്, മാവ് എന്നിവയും നശിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നാശം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ച് തയ്യാറാക്കിയതും കർഷകർ നൽകിയ അപേക്ഷകളും പരിഗണിച്ച് തയ്യാറാക്കിയതാണ് നഷ്ടക്കണക്ക്. 2018ലെ പ്രളയം മുതൽ കഴിഞ്ഞ ഏതാനും വർഷമായി എല്ലാവർഷവും കോടിക്കണക്കിന് രൂപയുടെ നാശമാണുണ്ടാകുന്നത്. അതേസമയം കഴിഞ്ഞ വർഷം കൃഷിനാശം സംഭവിച്ചവർക്കുള്ള സഹായം വരെ ഇപ്പോഴും വിതരണം ചെയ്തിട്ടില്ലെന്ന് കൃഷിക്കാർ ആരോപിക്കുന്നു.

ആകെ നാശം 32.25


കൃഷിനാശം സംഭവിച്ച സ്ഥലം : 666.81 ഹെക്ടർ
കൃഷിനാശം സംഭവിച്ച കർഷകർ : 8025

കൃഷിനാശം സംഭവിച്ചവ

ഇനം ഹെക്ടർ തുക ക്രമത്തിൽ


പച്ചക്കറി 123.19 53.41 ലക്ഷം
ജാതി 4754 (എണ്ണം) 1.66 കോടി
തെങ്ങ് 1468 (എണ്ണം) 73.4 ലക്ഷം

ഓണത്തിനു കാത്തുവച്ചതും പോയി

നശിച്ചത്

240 ഏക്കറോളം വാഴക്കൃഷി

കുലച്ച വാഴകൾ 2,74,932 എണ്ണം

Advertisement
Advertisement