പത്രാധിപരെയും ഒ.എൻ.വിയെയും സുഗതകുമാരിയെയും മറന്ന് 'അഭിമാനം അനന്തപുരി'

Monday 22 August 2022 3:35 AM IST

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഫുട് ഓവർ ബ്രിഡ്‌ജ് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ തലസ്ഥാനത്തെ സാമൂഹിക - സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന പലരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയില്ലെന്ന് ആക്ഷേപം. ‘അഭിമാനം അനന്തപുരി’ എന്ന പേരിൽ തിരുവനന്തപുരം ലോകത്തിന്‌ സംഭാവന ചെയ്‌ത നവോത്ഥാന കലാസാംസ്‌കാരിക നായകരുടെ ചിത്രങ്ങളിലാണ് പ്രമുഖരിൽ പലരും ഇടംനേടാതെപോയത്.

സാഹിത്യരംഗത്ത് തലസ്ഥാനത്തിന്റെ മുഖമായിരുന്ന ഒ.എൻ.വിയെയും സുഗതകുമാരിയെയും അഭിമാനം അനന്തപുരിയിൽ ഉൾപ്പെടുത്താൻ അധികൃതർ തുനിഞ്ഞില്ല. മാദ്ധ്യമരംഗത്തെ കുലപതിയായ പത്രാധിപർ കെ.സുകുമാരൻ, വാഗ്മിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായ കെ.ബാലകൃഷ്‌ണൻ, മുൻ തിരു - കൊച്ചി മുഖ്യമന്ത്രി സി.കേശവൻ, മുൻ മന്ത്രി കെ.പങ്കജാക്ഷൻ, ഗാന്ധിയൻ പി.ഗോപിനാഥൻ നായർ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ, മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ട മെരിലാൻഡ് സ്റ്റുഡിയോയുടെ സ്ഥാപകൻ പി.സുബ്രഹ്മണ്യം, കായിക കേരളത്തിന്റെ അഭിമാനമായ ജി.വി. രാജ, രാജവാഴ്‌ചയ്‌ക്കെതിരെ പോരാടിയ കെ.സി.എസ് മണി,സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവരും ഫുട് ഓവർ ബ്രിഡ്‌ജിലെ ചിത്ര ഗാലറിയിൽ നിന്ന് പുറത്തായി. ഇനിയും പല മേഖലയിലെയും പ്രമുഖർ ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടും.

തിരുവനന്തപുരത്ത് ജനിച്ചവരല്ലെന്ന ഒറ്റ കാരണം പറഞ്ഞാണ് തലസ്ഥാനം കർമ്മമണ്ഡലമാക്കിയ പലരെയും നഗരസഭ മാറ്റിനിറുത്തിയത്. അതേസമയം, പത്തനംതിട്ടയിൽ ജനിച്ച നടൻ മോഹൻലാലിനെ എന്ത് മാനദണ്ഡത്തിലാണ് തിരുവനന്തപുരത്തുകാരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് മറുചോദ്യം. സാമൂഹ്യ പരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരു,

അയ്യങ്കാളി, ചട്ടമ്പിസ്വാമി എന്നിവരുടെ ചിത്രങ്ങളും, ചിത്തിര തിരുനാൾ ബാലരാമവർമ്മ എന്നിവരുടെയും ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് സിനിമാക്കാർക്കിടയിലാണ്. നഗരസഭ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തി വേണ്ട മാറ്റം വരുത്തണമെന്നാണ് ആവശ്യം.

മേയർ ആര്യാ രാജേന്ദ്രൻ,മുൻ മേയർമാരായ വി.കെ. പ്രശാന്ത്, കെ.ശ്രീകുമാർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയപ്പോൾ പ്രമുഖരായ മുൻ മേയർമാരെല്ലാം തഴയപ്പെട്ടു. ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം നടക്കുന്ന കാലയളവിലെ മേയർമാരെയാണ് ഉൾപ്പെടുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

Advertisement
Advertisement