ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പരിഹരിച്ചിട്ടില്ല; എസ്.ജയ്ശങ്കർ

Sunday 21 August 2022 11:12 PM IST

സൗ പോളോ : ചൈന അതിർത്തി ഉടമ്പടികൾ അവഗണിച്ചുവെന്നും ഗൽവാൻ താഴ്വരയിലെ പ്രശ്നം ഇന്ത്യ-ചൈന ബന്ധത്തിൽ നിഴൽ വീഴ്ത്തുന്നുവെന്നും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറ‌ഞ്ഞു. ബ്രസീലീലെ സൗ പോളോയിലെ ഇന്ത്യൻ സമൂഹത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഇരു രാജ്യങ്ങളുടെയും ബന്ധം മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയ്ക്ക് ശേഷം പരാഗുവയും അർജൻറ്റീനയും അദ്ദേഹം സന്ദർശിക്കും. ചൈന അതിർത്തി മേഖലയിലേയ്ക്ക് ട്രൂപ്പുകളെ കൊണ്ടുവരുന്നത് 1990കളിൽ ഉണ്ടാക്കിയ ഉടമ്പടിക്ക് വിരുദ്ധമാണ്. ഗൽവാൻ അതിർത്തിയിൽ സംഭവിച്ച പ്രശ്നം ഇതുവരെയും പരിഹരിച്ചിട്ടില്ല. ഇരു രാജ്യങ്ങളുടെയും ബന്ധം നിലനിൽക്കാൻ പരസ്പര ബഹുമാനം ആവശ്യമാണ്. ചൈന നമ്മുടെ അയൽക്കാരാണ്. എല്ലാവരും അയൽക്കാരുമായി ഒത്തുപോകാൻ ആഗ്രഹിക്കും. ഇന്ത്യയും ബ്രസീലുമായുള്ള നല്ല ബന്ധം നിലനിറുത്താനും സഹകരണം വർദ്ധിപ്പിക്കാനും ഒരു പാലമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സമൂഹത്തിനോട് എസ്.ജയ്ശങ്കർ നന്ദി പറഞ്ഞു. ലാറ്റിൻ അമേരിക്കൻ സന്ദർശനം ആരംഭിച്ചത് സൗ പോളോയിലെ ഇന്ത്യൻ സമൂഹത്തെ കണ്ടുകൊണ്ടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യൻ ജനതയോട് പുരോഗതിയും ശുഭാപ്തി വിശ്വാസവും പങ്കു വയ്ക്കാനും അദ്ദേഹം മറന്നില്ല.

Advertisement
Advertisement