മോസ്കോയിൽ കാർ ബോംബ് സ്ഫോടനം: പുട്ടിന്റെ ' തലച്ചോർ" അലക്സാണ്ടർ ഡുഗിന്റെ മകൾ കൊല്ലപ്പെട്ടു  മകൾ കത്തിയെരിയുന്നതിന് സാക്ഷിയായി ഡുഗിൻ  യുക്രെയിനെ തകർക്കുമെന്ന് പുട്ടിൻ അനുകൂലികൾ

Monday 22 August 2022 5:05 AM IST

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന ( 29 ) മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സർക്കാരിന്റെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു സംഭവം.

മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമുള്ള സ്ഫോടനം ആരുടെയോ ഉത്തരവനുസരിച്ച് നടപ്പാക്കിയതാണെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. പ്രാദേശിക സമയം, ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.

ഡാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസറിൽ ഘടിപ്പിച്ചിരുന്നതെന്ന് കരുതുന്ന സ്ഫോടക വസ്തു ബൊൾഷിയെ വ്യാസെമി ഗ്രാമത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഡാരിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഡാരിയയായിരുന്നു കാറോടിച്ചിരുന്നത്.

പൊട്ടിത്തെറിയ്ക്ക് പിന്നാലെ പൂർണമായും തീയിൽ അകപ്പെട്ട കാർ നിയന്ത്രണംവിട്ട് റോഡിന്റെ എതിർവശത്തേക്ക് തെറിച്ചു. അതേ സമയം, ഡാരിയ സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിറകെ ഡുഗിൻ സഞ്ചരിച്ച വാഹനവുമുണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈയ്യും വച്ച് ഞെട്ടിത്തരിച്ച് റോഡിൽ നിൽക്കുന്ന ഡുഗിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കാറിന്റെ ഭാഗങ്ങൾ റോഡിൽ ചിതറിത്തെറിച്ചിരിക്കുന്നതും കാണാം. സ്ഫോടനം ശരിക്കും അലക്സാണ്ടർ ഡുഗിനെയോ അല്ലെങ്കിൽ രണ്ട് പേരെയുമോ ലക്ഷ്യമിട്ട് നടത്തിയതാകാമെന്നാണ് കരുതുന്നത്. കാരണം,​ പൊട്ടിത്തെറിച്ച കാർ ഡുഗിന്റേതാണ്. പരിപാടി കഴിഞ്ഞ് ഒരുമിച്ച് പോകാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ ഡാരിയ പിതാവിന്റെ കാറുമായി മുന്നേ പോയി.

ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാറിലാണ് ഡുഗിൻ പുറപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ യുക്രെയിനാണെന്നാണ് റഷ്യൻ വിദശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. യുക്രെയിൻ ഭരണകൂടം ഇത് നിഷേധിച്ചു. ഡാരിയയുടെ മരണത്തിന് പിന്നാലെ യുക്രെയിനെതിരെ പുട്ടിൻ അനുകൂലികൾ രംഗത്തെത്തി. പിന്നിൽ യുക്രെയിനാണെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടി നേരിടുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്.

 പുട്ടിന്റെ ' റാസ്പുട്ടിൻ " !

റഷ്യയിൽ വളരെയേറെ സ്വാധീനമുള്ള വ്യക്തികളിലൊരാളാണ് ഡാരിയയുടെ പിതാവ് അലക്സാണ്ടർ ഡുഗിൻ. യുക്രെയിൻ അധിനിവേശത്തിന് പുട്ടിന് മാർഗ നിർദ്ദേശം നൽകിയ ' ആത്മീയ ആചാര്യനും" യുക്രെയിൻ അധിനിവേശത്തിന്റെ ശില്പിയുമാണ് ഡുഗിൻ. ' വ്ലാഡിമിർ പുട്ടിന്റെ തലച്ചോർ", ' പുട്ടിന്റെ റാസ്പുട്ടിൻ " എന്നൊക്കെയാണ് ഡുഗിൻ അറിയപ്പെടുന്നത്.

യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ യു.എസ് ഉപരോധമേർപ്പെടുത്തിയ റഷ്യക്കാരുടെ കൂട്ടത്തിൽ മുൻനിരയിൽ ഡുഗിനും മകളുമുണ്ടായിരുന്നു. യു.കെയും ഇവർക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. മുമ്പ് ക്രൈമിയ പിടിച്ചടക്കാനുള്ള റഷ്യയുടെ പുറപ്പാടിന് പിന്നിലും ഡുഗിന്റെ സ്വാധീനമുണ്ടായിരുന്നു.

യുക്രെയിനിലെ റഷ്യൻ അനുകൂല വിമത മേഖലയായ ഡൊണെസ്കിനുവേണ്ടി പോരാടാൻ വ്യക്തികളെ റിക്രൂട്ട് ചെയ്യുന്ന യൂറേഷ്യൻ യൂത്ത് യൂണിയന്റെയും യൂറേഷ്യ പാർട്ടിയുടെയും സ്ഥാപകനാണ് ഡുഗിൻ.

 ആരാണ് ഡാരിയ ?

മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടിയ ഡാരിയ യുക്രെയിൻ അധിനിവേശത്തിന് ശക്തമായ പിന്തുണ നൽകിയിരുന്നു. യുക്രെയിൻ നാറ്റോയിൽ ചേർന്നാൽ അവർ നശിക്കും എന്ന് റഷ്യയുടെ യുണൈറ്റഡ് വേൾഡ് ഇന്റർനാഷണൽ വെബ്സൈറ്റിലെ ഒരു ലേഖനത്തിൽ ഡാരിയ കുറിച്ചിരുന്നു.

യുണൈറ്റഡ് വേൾഡ് ഇന്റർനാഷണലിന്റെ മുൻ ചീഫ് എഡിറ്ററാണ് ഡാരിയ. രാഷ്ട്രീയ വിശകലന വിദഗ്ദ്ധയും മാദ്ധ്യമ പ്രവർത്തകയുമായ ഡാരിയ,​ ഭരണകൂട അനുകൂല മാദ്ധ്യമങ്ങളായ ആർ.ടി, സാർഗ്രാഡ് എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

യുക്രെയിനിലെ ബുചയിൽ റഷ്യ നടത്തിയതെന്ന് പറയുന്ന സിവിലയൻ കൂട്ടക്കൊല അമേരിക്കയുടെ പ്രചാരണതന്ത്രമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഡാരിയ പറഞ്ഞിരുന്നു. ജൂണിൽ ഡൊണെസ്കും മരിയുപോളും ഡാരിയ സന്ദർശിച്ചിരുന്നു.

Advertisement
Advertisement