ബോണ്ട് കാർ വിറ്റു, ലഭിച്ചത് ലക്ഷങ്ങൾ

Monday 22 August 2022 5:06 AM IST

ന്യൂയോർക്ക് : വിഖ്യാത നടൻ ഷോൺ കോണറിയുടെ ആസ്‌റ്റൺ മാർട്ടിൻ ഡിബി 5 കാർ 24 ലക്ഷം ഡോളറിന് ലേലത്തിൽ വിറ്റു. കോണറിയുടെ പക്കലുണ്ടായിരുന്ന ഏക ആസ്‌റ്റൺ മാർട്ടിനായിരുന്നു ഇത്. 14 ലക്ഷം മുതൽ 18 ലക്ഷം ഡോളർ വരെയായിരുന്നു കാറിന് ഓക്‌ഷൻസ് കമ്പനിയായ ബ്രോഡ് ആരോ പ്രതീക്ഷിച്ചിരുന്നത്. കാലിഫോർണിയയിലെ മോണ്ടറെയിലായിരുന്നു ലേലം നടന്നത്. കാർ സ്വന്തമാക്കിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ. നോയിൽ (1962) ബോണ്ടിനെ അവതരിപ്പിച്ചത് സ്കോട്ടിഷ് നടനായ ഷോൺ കോണറിയാണ്. 1964ൽ ഷോൺ കോണറി തന്നെ ബോണ്ടായെത്തിയ ' ഗോൾഡ് ഫിംഗറി"ലാണ് ആസ്‌റ്റൺ മാർട്ടിൻ ഡിബി 5 ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം 2018ൽ ബോണ്ട് ചിത്രങ്ങളിൽ ഉപയോഗിച്ചത് പോലെയുള്ള സ്നോ ഷാഡോ ഗ്രേ നിറത്തിലെ ഒരു 1964 മോഡൽ ഡിബി 5 പതിപ്പ് കോണറി സ്വന്തമാക്കുകയായിരുന്നു. 2020 ഒക്ടോബറിൽ ഷോൺ കോണറി അന്തരിച്ചു. കോണറി മരിക്കുന്നത് വരെ ഈ കാർ സ്വിറ്റ്‌സർ‌ലൻഡിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ലേലത്തിൽ ലഭിച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം കോണറിയുടെ പേരിലുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ലേലത്തിൽ വിജയിച്ച വ്യക്തിയ്ക്ക് കോണറിയുടെ സുഹൃത്തും മുൻ എഫ് 1 വേൾഡ് ചാമ്പ്യൻഷിപ്പ് റേസിംഗ് ഡ്രൈവറുമായ ജാക്കി സ്റ്റുവാർട്ടിനൊപ്പം കാർ ഓടിക്കാൻ അവസരം നൽകുമെന്നും ബ്രോഡ് ആരോ പറയുന്നു. 1,100 ഡിബി 5 കൾ മാത്രമാണ് ആസ്റ്റൺ മാർട്ടിൻ ഇതുവരെ നിർമ്മിച്ചത്.

Advertisement
Advertisement