അഴിമതിക്കേസിൽ തടവുശിക്ഷ ശരിവച്ച് കോടതി, മുൻ മലേഷ്യൻ പ്രധാനമന്ത്രി ജയിലിലേക്ക്

Wednesday 24 August 2022 12:20 AM IST

ക്വാലാലംപൂർ: രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങിയ മുൻമലേഷ്യൻ പ്രധാനമന്ത്രി നജിബ് റസാക്കിന് തിരിച്ചടിയായി, കോടികളുടെ അഴിമതിക്കേസിൽ 12 വർഷത്തെ തടവ് ശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവച്ചു.

2009ൽ നജിബ് പ്രധാനമന്ത്രിയായിരിക്കെ തുടക്കമിട്ട വൺ മലേഷ്യ ഡവലപ്‌മെന്റ് ബെർഹാദ് (1എം.ഡി.ബി) നിക്ഷേപ പദ്ധതിയിൽ നിന്നു കോടിക്കണക്കിനു ഡോളർ തട്ടിച്ചുവെന്ന കേസിലാണ് ശിക്ഷ.

കോടതിവിധി വായിക്കുമ്പോൾ ഭാര്യ റോഷ്മയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം നജിബ് കോടതിയിൽ ഹാജരായിരുന്നു. ചീഫ് ജസ്റ്റിസ് മൈമുൻ തുവാൻ മാറ്റ് നജിബിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ 69കാരനായ നജിബ് ഉടൻ ജയിലിലായേക്കും.

അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന ഹൈക്കോടതി വിധി ശരിവച്ച ചീഫ് ജസ്റ്റിസ് , ശിക്ഷ ഉചിതമാണെന്ന് വിലയിരുത്തി അപ്പീൽ തള്ളി.

എന്നാൽ എല്ലാ കുറ്റങ്ങളും നജിബ് നിഷേധിച്ചു. സാമ്പത്തിക ഉപദേഷ്ടാക്കളുടെ തെറ്റായ നിർദേശങ്ങളാണ് പ്രശ്നത്തിനു കാരണമായതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് പക്ഷപാതം ഉണ്ടെന്ന് ആരോപിച്ച് കേസ് കേൾക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസിനെ പിന്തിരിപ്പിക്കാനുള്ള നജിബിന്റെ അഭിഭാഷകരുടെ നീക്കം അവസാന നിമിഷം ട്രൈബ്യൂണൽ തള്ളിക്കളഞ്ഞിരുന്നു.
2018 ലെ നജിബിന്റെയും ഭരണകക്ഷി പാർട്ടിയുടെയും കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ അഴിമതി ആരോപണമായിരുന്നു.
2009 ലാണ് നജിബ് രാജ്യവികസനത്തിനായി 1എം.ഡി.ബി പദ്ധതിക്കു തുടക്കമിട്ടത്. 2015 ആയതോടെ ബാങ്കുകൾക്കും ബോണ്ട് വാങ്ങിയവർക്കും പണം നൽകുന്നത് മുടങ്ങി. പദ്ധതി ഫണ്ടിൽനിന്നു കോടിക്കണക്കിനു രൂപ സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയതായി കണ്ടെത്തി. വകമാറ്റിയ പണം വൻകിട റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾക്കും സ്വകാര്യ ജെറ്റ് വാങ്ങാനും ഹോളിവുഡ് സിനിമ നിർമിക്കാനും മറ്റും ഉപയോഗിച്ചതായും കണ്ടെത്തി.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല


രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങിയ നജിബിന് കനത്ത തിരിച്ചടിയായിരിക്കെയാണ് കോടതി വിധി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ മലേഷ്യൻ നിയമപ്രകാരം നജിബിന് ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും മത്സരിക്കാൻ കഴിയില്ല. കീഴ്‌ക്കോടതി ശിക്ഷ വിധിച്ചിട്ടും, അപ്പീൽ നടപടികൾ നടക്കുന്നുവെന്ന് കാട്ടി നജിബിനെ ജയിലിലടച്ചിരുന്നില്ല. ചെറുപ്പം മുതലേ പ്രധാനമന്ത്രി പദത്തിലേക്കെത്താൻ ശ്രമിച്ച നജിബ് മലേഷ്യയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളുടെ മകനാണ്.

പിടിച്ചെടുത്തത് 200 കോടി രൂപ

1എം.ഡി.ബിയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 27.2 കോടി ഡോളറിന്റെ (ഏകദേശം 1850 കോടി രൂപ) 408 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. നജിബിന്റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ 200 കോടിയോളം രൂപയും കോടികളുടെ ആഡംബരവസ്തുക്കളും കണ്ടെടുത്തിരുന്നു. വിവിധ രാജ്യങ്ങളിലെ കറൻസികളായാണു പണം കണ്ടെടുത്തത്. ഒരു വീട്ടിൽ 35 ബാഗുകളിലും മറ്റൊന്നിൽ 37 ബാഗുകളിലുമായിരുന്നു പണം. 2011നും 2015 നുമിടയിൽ 1എം.ഡി.ബി ഫണ്ട് സ്വീകരിച്ച കമ്പനികളുടേതും വ്യക്തികളുടേതുമാണ് അക്കൗണ്ടുകൾ. നജീബിന്റെ ദത്തുപുത്രനും ഹോളിവുഡ് ചലച്ചിത്ര നിർമാതാവുമായ റിസ അസീസിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.അഴിമതിപ്പണം റിസയുടെ സിനിമാക്കമ്പനിക്കുവേണ്ടി ചെലവഴിച്ചുവെന്നാണ് ആരോപണം. നജിബിന്റെ ഭാര്യയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

Advertisement
Advertisement