പ്രിയപ്പെട്ട ഗുരു,​ എന്നും ഗ്രാമവിശുദ്ധിയിൽ

Wednesday 24 August 2022 12:29 AM IST

തിരുവനന്തപുരം: എപ്പോഴും മുറുക്കാറുണ്ടായിരുന്ന, തുള്ളി പോലും സ്വന്തം വെള്ളമുണ്ടിലോ മറ്റോ തെറിക്കാതെ സരസമായി സംസാരിക്കുന്ന എസ്.വി. വേണുഗോപൻ നായർ വിദ്യാർത്ഥികൾക്കെന്നും പ്രിയപ്പെട്ട അദ്ധ്യാപകനായിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും തലമുറകളെ അറിവിന്റെ വെളിച്ചത്തിലേയ്ക്ക് നയിച്ചിരുന്നു അദ്ദേഹം.

കോളേജ് വിദ്യാർത്ഥികൾക്കു മാത്രമല്ല സാഹിത്യ ക്യാമ്പുകളിലെത്തുന്ന യുവ എഴുത്തുകാർക്കും പ്രിയപ്പെട്ട ഗുരുവായിരുന്നു എസ്.വി. വേണുഗോപൻ നായർ. തെക്കൻ തിരുവിതാംകൂറിന്റെ ഭാഷയിലാണ് അദ്ദേഹത്തിന്റെ രചനകളെന്ന് വിശേഷിപ്പിക്കുന്നതിനെക്കാൾ നല്ലത് സാധാരണക്കാരന്റെ ഭാഷയിൽ കഥകളെഴുതി എന്നതാണ്.അതിൽ ഹാസ്യത്തിന്റെ ചുംബനമുണ്ടായിരുന്നു.

പരിചയക്കാരെ കണ്ടാൽ സാഹിത്യം മാത്രമല്ല സൂര്യനു താഴെയുളള ഏതു വിഷയവും സംസാരിക്കും. സ്വന്തം ജനനത്തെ പറ്റി അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെ:

'ഉച്ചരാശികളിൽ രവിയും ശുക്രനും വ്യാഴവും, മേടത്തിൽ ബുധനും ഇടവത്തിൽ ശനിയും നിൽക്കെ, കുജസ്ഥിതമായ മിഥുനം ലഗ്നമായി, അവിട്ടം മൂന്നാം പാദത്തിൽ ജനിച്ചു".

തമിഴ്നാടിനോട് ചേർന്ന കൽക്കുളം, വിളവംകോട്, അഗസ്തീശ്വരം, തോവാള താലൂക്കുകളിലെ പ്രദേശിക ഭാഷകൾ വ്യത്യസ്തമായിരുന്നു. ആ മനോഹാരിത കലർന്ന ഭാഷാ ഭേദങ്ങളിലാണ് വേണുഗോപൻ നായർ എഴുതിയത്.

തന്റെ ജീവിതത്തെയും ചുറ്റിലുമുള്ള ലഘുവായ ജീവിതാനുഭവങ്ങളെയും അദ്ദേഹം കഥകളാക്കി. ആ കഥകളിലൂടെ കടന്നു പോകുമ്പോൾ ഒരുകാര്യം വ്യക്തമാകും- എസ്.വി. വേണുഗോപൻ നായർക്ക് അർഹമായ അംഗീകാരം സാഹിത്യലോകം നൽകിയില്ലെന്ന്.

യൂണിവേഴ്സിറ്റി കോളജിൽ പത്മരാജനും ബിച്ചു തിരുമലയും സി. ദിവാകരനും എൻ.ആർ.എസ്. ബാബുവും സഹപാഠികളായിരുന്നു. ഡി. വിനയചന്ദ്രൻ ജൂനിയറും. ആ സൗഹൃദങ്ങൾ ദീർഘകാലം തുടർന്നു. പഠിപ്പിച്ച കലാലയങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച വേണുഗോപൻ നായർ എം.ജി. കോളജിലെ മലയാള വിഭാഗത്തെ ഗവേഷണ കേന്ദ്രമാക്കുന്നതിന് നേതൃത്വം നൽകി. പക്ഷേ,​ അപ്പോഴും തലസ്ഥാന നഗരത്തിൽ താമസമുറപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗ്രാമവിശുദ്ധി ആസ്വദിച്ച് ധനുവച്ചപുരത്തു തന്നെ തുടർന്നു.

Advertisement
Advertisement