പുടിന്റെ റാസ്‌പുടിന് വേദനിച്ചാൽ...

Wednesday 24 August 2022 12:00 AM IST

ശനിയാഴ്ച രാത്രിയിൽ റഷ്യയിലെ മോസ്‌ക്കോയ്ക്കടുത്ത് നടന്ന കാർ ബോംബ് സ്‌ഫോടനം ലോകശ്രദ്ധ നേടുകയുണ്ടായി. കൊല്ലപ്പെട്ടത് ഡാരിയ ഡുഗിന എന്ന 29 വയസുള്ള മാദ്ധ്യമ പ്രവർത്തകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിശ്വസ്തനും, യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്നയാളുമായ അലക്‌സാണ്ടർ ഡുഗിന്റെ പുത്രിയാണ് ഡാരിയ. മോസ്ക്കോ നഗരാതിർത്തിയിൽ നടന്ന ഒരു കലാപ്രദർശനം കഴിഞ്ഞ് പിതാവിനൊപ്പം കാറിൽ മടങ്ങുമ്പോഴായിരുന്നു ബോംബ് സ്ഫോടനം. സ്ഫോടനദൃശ്യം കണ്ട് തലയിൽ കൈവച്ച് നിൽക്കുന്ന ഡുഗിന്റെ ചിത്രങ്ങൾ റഷ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. പുടിന്റെ അധിനിവേശ വിദേശനയത്തിന്റെ ആണിക്കല്ല് ഡുഗിന്റെ
ആശയങ്ങളാണ്. അക്രമികൾ ലക്ഷ്യമിട്ടത് ഡുഗിനെ ആണത്രേ. പുടിന്റെ ബുദ്ധികേന്ദ്രമെന്നും റാസ്‌പുടിൻ എന്നും മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നയാളാണ് അലക്സാണ്ടർ ഡുഗിൻ. യുക്രെയ്‌ൻ റഷ്യയിൽനിന്ന് സ്വതന്ത്രമായതിന്റെ 31-ാം വാർഷികം ആഗസ്റ്റ് 24ന് ആഘോഷിക്കാനിരിക്കെ നടന്ന ഈ ആക്രമണം ആറുമാസമായി തുടരുന്ന യുദ്ധത്തിന്റെ ഗതിമാറ്റുമെന്ന ആശങ്കയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപോരിസാസിയയ്ക്ക് സമീപത്തേക്ക് റഷ്യ റോക്കറ്റുകൾ അയച്ചെന്ന യുക്രയ്ൻ പ്രസിഡന്റ് സെലൻസ്‌കിയുടെ ആരോപണങ്ങളും ഈ കൊലപാതകത്തെ ശ്രദ്ധേയമാക്കുന്നു.

സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന ആരോപണം യുക്രെയിന്റെ വക്താക്കൾ തള്ളിക്കളയുന്നു. റഷ്യയെപ്പോലെ ക്രിമിനൽ രാജ്യമല്ല തങ്ങളെന്നാണ് പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചത്. യുക്രൈയ്ൻ മാദ്ധ്യമങ്ങൾ വിരൽചൂണ്ടുന്നത് നാഷണൽ റിപ്പബ്ളിക്ക് ആർമി എന്ന റഷ്യയിലെ വിമതവിഭാഗത്തിന് നേർക്കാണ്. എന്നാൽ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിന് യുക്രെയ്‌ന്റെ നേരിട്ടുള്ള പങ്കിനെപ്പറ്റി യാതൊരു സംശയവുമില്ല. ജൂലായ് മുതൽ തന്നെ അവരുടെ വാടകക്കൊലയാളി ഡുഗിനെ പിന്തുടരുന്നുണ്ടെന്നും, കൃത്യനിർവഹണത്തിനുശേഷം എസ്‌തോണിയയിലേക്ക് രക്ഷപ്പെട്ടെന്നുമാണ് അവർ വിശദീകരിക്കുന്നത്.

ആരാണ് അലക്സാണ്ടർ ഡുഗിൻ?

1962ൽ മോസ്കോയിൽ ജനിച്ച അദ്ദേഹം നിലവിൽ റഷ്യയിൽ യാതൊരു ഔദ്യോഗികസ്ഥാനങ്ങളും വഹിക്കുന്നില്ല. തത്വചിന്തകൻ എന്നതിലപ്പുറം 2006 മുതൽ പുടിന്റെമേൽ വലിയ സ്വാധീനം ചെലുത്തിയവയാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ. തീവ്രദേശീയ യുറേഷ്യൻ മേന്മ ഉയർത്തിപ്പിടിക്കുന്ന അദ്ദേഹം പാശ്ചാത്യ ലിബറലിസത്തെ തള്ളി ബദലുകൾ സൃഷ്ടിക്കാനാണ് ശ്രമിച്ചത്.

നിയോ യുറേഷ്യനിസത്തിന്റെ വക്താവായ അദ്ദേഹം റഷ്യയെ പഴയ സാമ്രാജ്യത്വ പ്രൗഢിയിലേക്ക് ആനയിക്കാനുള്ള തീവ്രനടപടികളാണ് മുന്നോട്ടുവച്ചത്. 2014ൽ നടന്ന റഷ്യയുടെ ക്രിമിയൻ അധിനിവേശത്തിനും 2022-ലെ യുക്രെയ്‌ൻ അധിനിവേശത്തിനും പിറകിലുമുള്ള സൈദ്ധാന്തികന്യായം ചമച്ചത് ഡുഗിനാണ്. അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്‌ന് ആയുധം നൽകിയാൽ അതേനാണയത്തിൽ ക്യൂബ, വെനസ്വേല തുടങ്ങിയ പാശ്ചാത്യവിരുദ്ധ രാജ്യങ്ങൾക്ക് റഷ്യ ആയുധങ്ങൾ നൽകണമെന്നാണ് ഡുഗിൻ അഭിപ്രായപ്പെട്ടത്. റഷ്യൻ ജനതയ്‌ക്ക് ഭൂരിപക്ഷമുള്ള യുക്രെയ്‌ൻ പ്രദേശങ്ങളിലേക്ക് സാമ്പത്തിക തിരിച്ചടി ഭയന്ന് സൈന്യത്തെ അയക്കാത്തതിന് പുടിനെ വിമർശിച്ചിരുന്നു ഡുഗിൻ. ഇതിനു അദ്ദേഹം കുറ്റപ്പെടുത്തുന്നത് സാമ്പത്തിക താത്‌പര്യം മാത്രം നോക്കുന്ന ലിബറൽ റഷ്യൻ ബിസിനസ് ലോബിയെയാണ്. ഡുഗിന്റെ ഇത്തരം തീവ്രആശയങ്ങൾ വലിയയൊരു വിഭാഗം റഷ്യൻ ജനതയെ സ്വാധീനിച്ചിരുന്നു. ഈ പാത പിന്തുടർന്ന് ക്രിമിയ പ്രദേശത്തെ കീഴടക്കിയ പുടിന്റെ ജനസമ്മിതി റഷ്യക്കകത്ത് മൂന്നിൽ രണ്ടായി ഉയർന്നെന്നാണ് സർവേകൾ കാണിക്കുന്നത്. ഡുഗിന്റെ അഭിപ്രായത്തിൽ റഷ്യയുടെ ആഗോളസ്വാധീനം ഉറപ്പിക്കാനായി അമേരിക്കയെ അസ്ഥിരപ്പെടുത്തണം. അമേരിക്കൻ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിലുണ്ടായ റഷ്യൻ സ്വാധീനം എന്ന ഡൊണാൾഡ് ട്രംപിന്റെ ആരോപണവും, ജനഹിത പരിശോധനയിൽ ആരോപിക്കപ്പെട്ട ബാഹ്യശക്തികളുടെ സ്വാധീനമെന്ന വിലയിരുത്തലുകളും ഇവിടെ കൂട്ടിവായിക്കാം. ഇത്തരത്തിൽ പുടിൻ വിശാല റഷ്യൻ രാഷ്ട്രത്തിന്റെ അടിത്തറ പണിതത് ദുഗിന്റെ ചിന്തകൾക്ക് മേലാണ്. ഡുഗിന്റെ ഫൗണ്ടേഷൻസ് ഒഫ് ജിയോ പൊളിറ്റിക്സ് പോലുള്ള പലപുസ്തകങ്ങളും റഷ്യൻ സൈനിക സർവകലാശാലകളിലെ നിർബന്ധിത പാഠപുസ്തകങ്ങളാണ്.

റഷ്യയിലെ അവസാന ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമന്റെ വിവാദ ഉപദേശകനായിരുന്നു റാസ്‌പുടിൻ. രാജകുടുംബത്തെ ജനവിരുദ്ധമാക്കിയത് അദ്ദേഹത്തിന്റെ ഉപദേശങ്ങളായിരുന്നു. അവസാനം അദ്ദേഹത്തെ ശത്രുക്കൾ വിഷം കുടിപ്പിച്ച്, വെടിവച്ച് നദിയിൽ കെട്ടിത്താഴ്‌ത്തിയാണ് കൊലചെയ്തത് - ചരിത്രത്തിൽ ഇത്രത്തോളം നിറം പിടിപ്പിച്ച, നിഗൂഢതകൾ പേറുന്ന മറ്റൊരു കഥാപാത്രം വിരളമാണ്. ഡുഗിന്റെ ആശയങ്ങളോടുള്ള പാശ്ചാത്യ വിദ്വേഷമാകാം അദ്ദേഹത്തെ റാസ്‌പുടിനോട് ഉപമിക്കാൻ കാരണം. നീണ്ടുപോകുന്ന റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ശത്രുവിനെ പ്രതിക്കൂട്ടിലാക്കിയുള്ള മരണക്കളിക്ക് ഈ സംഭവങ്ങൾ വഴിവെക്കില്ലെന്ന് പ്രത്യാശിക്കാം.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)

Advertisement
Advertisement