ബി ജെ പി നേതാവ് സൊനാലി ഫോഗട്ടിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

Wednesday 24 August 2022 8:42 AM IST

ന്യൂഡൽഹി: ബി ജെ പി നേതാവും ടിക് ടോക് താരവും മുൻ ബിഗ്‌ബോസ് താരവുമായ സൊനാലി ഫോഗട്ടിന്റെ (42) പോസ്റ്റ്‌മോർട്ടം ഇന്ന്. ഗോവ മെഡിക്കൽ കോളേജിൽവച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുക. സൊനാലിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

മരണകാരണം ഹൃദയാഘാതമാണെന്നാണ് ഗോവ പൊലീസ് പറയുന്നത്. അതേസമയം, സൊനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സി ബി ഐ അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

'മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവൾ എന്നെ വിളിച്ചു. വാട്‌സാപ്പിൽ സംസാരിക്കണമെന്ന് പറഞ്ഞു, എന്തോ കുഴപ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് ഫോൺവച്ചു. വിളിച്ചിട്ട് പിന്നെ എടുത്തില്ല.'- സഹോദരി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു.

ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സൊനാലിയുടെ മരണം സംഭവിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോ താരമായിരുന്നു. 2016 ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടി വി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഭർത്താവ് സഞ്ജയ് ഫോഗട്ട് 2016 ഡിസംബറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മകൾ യശോധര ഫോഗട്ട്.