സി.പി.ഐ ജില്ലാസമ്മേളനത്തിന് തലശ്ശേരി ഒരുങ്ങി

Thursday 25 August 2022 12:13 AM IST

കണ്ണൂർ: ഈ മാസം 31, സെപ്തംബർ ഒന്ന്, രണ്ട് തീയതികളിലായി നടക്കുന്ന സി.പി.ഐ ജില്ലാസമ്മേളനത്തിന് തലശ്ശേരി ഒരുങ്ങി. ഭരണവിലാസം പാർട്ടി മാത്രമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ചുരുക്കുകയും സി.പി.എമ്മിന് കീഴെ താഴ്ത്തിക്കെട്ടുകയും ചെയ്തുവെന്ന വിമർശനം മറ്റുപലയിടങ്ങളിലും ഉയർന്ന സാഹചര്യത്തിൽ അതേവികാരം കണ്ണൂരുമുയരാൻ സാദ്ധ്യതയുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ ഒരു നിയമസഭാമണ്ഡലം പോലും പാർട്ടിക്ക് ലഭിച്ചിരുന്നില്ല. കേരള കോൺഗ്രസിനായി ഇരിക്കൂർ സീറ്റ് ഒഴിഞ്ഞുകൊടുത്ത് സി.പി.എം ഭാഗ്യപരീക്ഷണം നടത്തിയപ്പോൾ അതിന് ഇരയായത് സി.പി.ഐയാണ്. ഇരിക്കൂറെന്ന പരമ്പരാഗതമായ സീറ്റ് അടിയറയവെച്ചതിന്റെ അമർഷം പാർട്ടിക്കുള്ളിൽ ഇപ്പോഴും പുകയുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ മറ്റുജില്ലകളിൽ നിന്നുമയുർന്ന വിമർശനം കണ്ണൂരിലും ആവർത്തിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന.

എന്നാൽ കണ്ണൂർ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാവുക സി.പി.എമ്മുമായുള്ള മുന്നണിബന്ധം തന്നെയാണ്. മാന്ധംകുണ്ടിൽ കോമത്ത് മുരളീധരൻ, കണ്ണൂർ സിറ്റിയിൽ ഇർഷാദ് എന്നിങ്ങനെ സി.പി.എമ്മിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്നവരെ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെങ്കിലും സി.പി.എം നടത്തുന്ന അക്രമം അണികളെ രോഷാകുലരാക്കിയിട്ടുണ്ട്. മുരളീധരൻ തളിപ്പറമ്പ് മണ്ഡലത്തിന്റെയും ഇർഷാദ് കണ്ണൂരിന്റെയും പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

നിലവിലുള്ള പ്രസിഡന്റ് അഡ്വ. പി. സന്തോഷ്‌കുമാർ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ സമ്മേളനം പുതിയ ജില്ലാസെക്രട്ടറിയെ തീരുമാനിക്കും. സി.പി സന്തോഷ്‌കുമാർ, സി.പി ഷൈജൻ എന്നിവരാണ് പരിഗണനിയിലുള്ളത്. 250 പ്രതിനിധികളാണ് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുക.

Advertisement
Advertisement