നിതീഷ്‌കുമാർ വിശ്വാസ വോട്ട് നേടി, സ്പീക്കർ വിജയകുമാർ രാജി നൽകി

Thursday 25 August 2022 12:27 AM IST

പാട്ന: ബീഹാർ നിയമസഭയിൽ നിതീ‌‌ഷ്‌ കുമാറിന്റെ മഹാസഖ്യ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ചു. 243 അംഗങ്ങളിൽ 164 പേർ നിതീഷിനെ പിന്തുണച്ചു. പുതിയ സർക്കാർ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. പ്രതിപക്ഷത്തുള്ള ബി.ജെ.പി അംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയതോടെ ശബ്ദ വോട്ടിലാണ് സഭ വിശ്വാസ പ്രമേയം പാസാക്കിയത്.

അതിനിടെ, സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് ബി.ജെ.പി നേതാവും സ്പീക്കറുമായ വിജയ് കുമാർ സിൻഹ രാജി വച്ചു. നിതീഷിന്റെ നേതൃത്വത്തിൽ മഹാ സഖ്യം രൂപീകരിച്ചിരുന്നെങ്കിലും സിൻഹ രാ‌ജി വയ്ക്കില്ലെന്ന നിലപാടിലായിരുന്നു. സിൻഹയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാ‍ൽ, തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് തൊട്ടു മുമ്പുള്ള ഇരുപത് മിനിട്ട് ദൈർഘ്യമുള്ള തന്റെ പ്രസംഗത്തിൽ സ്പീക്കർ രാജി പ്രഖ്യാപിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. ആർ.ജെ.ഡി നേതാവ് അവധ് ബിഹാർ ചൗധരി പുതിയ സ്പീക്കറാകുമെന്നാണ് സൂചന.

അതേസമയം, നിതീഷ്‌കുമാറിന് രാഷ്ട്രീയ വിശ്വാസ്യത നഷ്ടമായതായി ബി.ജെ.പിയുടെ താരാ കിഷോർപ്രസാദ് പറഞ്ഞു.

Advertisement
Advertisement