കെ.എസ്.ആർ.ടി.സി : രാത്രിസർവീസുകൾ വെട്ടിക്കുറച്ചു, യാത്രക്കാർ പെരുവഴിയിൽ

Thursday 25 August 2022 12:22 AM IST

ആലപ്പുഴ : ഡീസൽക്ഷാമത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ വെട്ടിച്ചുരുക്കിയത് രാത്രികാല യാത്രക്കാരെ പെരുവഴിയിലാക്കുന്നു. രാത്രി 8മണിക്ക് ശേഷം ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, എടത്വ ഡിപ്പോകളിൽ നിന്ന് സർവീസുകൾ ഒന്നും ഓപ്പറേറ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് .

ആറാട്ടുപുഴ, കുട്ടനാടിന്റെ ഉൾഭാഗങ്ങൾ ഉൾപ്പെടെയുള്ള റൂട്ടുകളിലാണ് യാത്രാദുരിതം കൂടുതൽ. വടക്കൻ ജില്ലകളിൽ നിന്ന് രാത്രികാലത്ത് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ 35ശതമാനം കുറച്ചതും പതിവ് യാത്രക്കാരെ വലയ്ക്കുന്നു. രാത്രിയിൽ എത്തുന്ന യാത്രക്കാർ മണിക്കൂറുകളോളം ആലപ്പുഴ ബസ് സ്റ്റേഷനിൽ നിൽക്കേണ്ട അവസ്ഥയാണ്. എന്നാൽ, ദീർഘദൂര സർവീസുകളുടെ എണ്ണം കുറച്ചിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഡീസൽ നിറക്കുന്നതിനായി പമ്പുകളിൽ കയറുമ്പോൾ ഉണ്ടാകുന്ന സമയക്രമത്തിൽ ചിലമാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കി.

കെ.എസ്.ആർ.ടി.സി ഗാരേജിൽ രാത്രിയിൽ എത്തുന്ന യാത്രക്കാർക്ക് തെരുവ് നായ്ക്കൾ ഭീഷണിയാണ്. ബസ് സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റിന് കൊവിഡ് കാലത്ത് താഴ് വീണതോടെ സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ചു. എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് പൊലീസ് പറഞ്ഞെങ്കിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല.

കളക്ഷൻ ഇടിഞ്ഞു

ഡീസൽ ക്ഷാമം കളക്ഷനെ കാര്യമായി ബാധിച്ചു. ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ച 43ലക്ഷം രൂപ കളക്ഷൻ ലഭിച്ചിരുന്നിടത്ത് ഇന്നലെ 32ലക്ഷമായി കുറഞ്ഞു. ചൊവ്വാഴ്ച ആലപ്പുഴഡിപ്പോയിലെ പമ്പിൽ ലഭിച്ച 12,000ലിറ്റർ ഡീസൽ അന്ന് തന്നെ തീർന്നു. ഇന്നലെ മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾക്ക് ഡീസൽ നൽകാനായില്ല. പ്രധാന റൂട്ടുകളിലെ ഗ്രാമീണ സർവീസുകൾ കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി.

"മൂന്ന് ദിവസത്തിനുള്ളിൽ ഡീസൽ ക്ഷാമം പരിഹരിക്കാനാകും. ഇന്നലെ ആലപ്പുഴ ഡിപ്പോയിലെ പമ്പിൽ നിന്ന് ഡീസൽ വിതരണം നടത്താനായില്ല. ഇന്ധന ക്ഷാമവും തുടർച്ചയായി പെയ്യുന്ന മഴയും കളക്ഷനെ ബാധിച്ചിട്ടുണ്ട്. മഴകുറഞ്ഞാൽ കൂടുതൽ കളക്ഷൻ ലഭിക്കും.

- അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ

" വെട്ടിക്കുറച്ച രാത്രികാല സർവീസ് പുനഃസ്ഥാപിച്ച് പതിവ് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണം.

-സന്തോഷ് കുമാർ, സ്ഥിരം യാത്രക്കാരൻ, പുറക്കാട്

Advertisement
Advertisement