പടിയിറങ്ങും മുമ്പ് സെലെൻസ്കിയ്ക്ക് അരികെ ബോറിസ്

Thursday 25 August 2022 4:58 AM IST

കീവ് : ഇന്നലെ 31-ാം സ്വാതന്ത്ര്യ ദിനത്തോടൊപ്പം റഷ്യൻ അധിനിവേശത്തിന്റെ ആറാം മാസവും അടയാളപ്പെടുത്തിയ യുക്രെയിന് ഐക്യദാർഢ്യം അറിയിച്ച് സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അപ്രതീക്ഷിത സന്ദർശനം. 'യുക്രെയിന് ഈ യുദ്ധത്തിൽ ജയിക്കാനാകും,​ ജയിച്ചിരിക്കും" - കീവിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബോറിസ് പറഞ്ഞു. ബോറിസ് ഇത് മൂന്നാം തവണയാണ് യുക്രെയിനിലെത്തുന്നത്. ഏപ്രിൽ 9നാണ് ബോറിസ് ആദ്യമായി കീവിലെത്തിയത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിനിലെത്തിയ ആദ്യ യൂറോപ്യൻ നേതാക്കളിൽ ഒരാളാണ് ബോറിസ്. പിന്നീട് ജൂണിലും ബോറിസ് യുക്രെയിനിലെത്തിയിരുന്നു. മൂന്ന് തവണയും മാദ്ധ്യമങ്ങളെ മുൻകൂട്ടി അറിയിക്കാതെയാണ് ബോറിസ് സന്ദർശനം നടത്തിയത്.

അധിനിവേശം തുടങ്ങിയതിന് ശേഷം സെലെൻസ്കിയുമായി അടുത്ത ബന്ധം തുടരുന്ന നേതാവാണ് ബോറിസ്. ജൂലായ് 7ന് രാജിപ്രഖ്യാപിച്ച ബോറിസ് സെപ്റ്റംബർ 5ന് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതോടെ സ്ഥാനമൊഴിയും. ബോറിസ് പടിയിറങ്ങുന്നത് കാണുന്നതിൽ ദുഃഖമുണ്ടെന്ന് സെലെൻസ്കി നേരത്തെ പറഞ്ഞിരുന്നു.

യുക്രെയിനും യൂറോപ്പിനും ബോറിസ് നൽകിയ സംഭാവനകൾക്ക് സെലെൻസ്കി അദ്ദേഹത്തിന് ഇന്നലെ ' ഓർഡർ ഒഫ് ലിബേർട്ടി " പുരസ്കാരം നൽകി ആദരിച്ചു. ബോറിസിന് സമ്മാനവും സെലെൻസ്കി നൽകി. അധിനിവേശം തുടങ്ങിയതിന് ശേഷം 230 കോടി പൗണ്ടിലേറെ തുകയുടെ സൈനിക-സാമ്പത്തിക സഹായങ്ങൾ ബ്രിട്ടൺ യുക്രെയിന് നൽകി. 5.4 കോടി പൗണ്ടിന്റെ ഡ്രോണുകൾ ഉൾപ്പെടെയുള്ള സൈനിക സഹായം യുക്രെയിനായി ബ്രിട്ടീഷ് സർക്കാർ ഇന്നലെ പ്രഖ്യാപിച്ചു.

Advertisement
Advertisement