ലോകം ഇന്ത്യക്കാർ ഭരിക്കുന്നത് വിദൂരമല്ലെന്ന് സൂചന, അമേരിക്കൻ ഭരണകൂടത്തിന്റെ സുപ്രധാന പദവിയിൽ 130ലേറെ ഭാരതീയർ

Thursday 25 August 2022 10:05 PM IST

വാഷിംഗ്ട‌ൺ: യു.എസിൽ ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഭരണകൂടത്തിലെ സുപ്രധാന പദവികളിൽ നിയമിക്കപ്പെട്ടത് 130ലേറെ ഇന്ത്യൻ വംശജർ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് 80ലേറെ ഇന്ത്യൻ അമേരിക്കൻ വംശജരെയാണ് സുപ്രധാന പദവികളിൽ നിയമിച്ചിരുന്നത്. ബറാക് ഒബാമ ഭരണകൂടത്തിൽ ഇത് 60 ആയിരുന്നു.

ഇപ്പോൾ യു.എസ് ജനപ്രതിനിധി സഭയിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 40ലേറെ ഇന്ത്യൻ വംശജർ വിവിധ സംസ്ഥാന, ഫെഡറൽ തലങ്ങളിൽ ഉന്നത പദവി വഹിക്കുന്നു. യു.എസിലെ വൻകിട കമ്പനികളുടെ തലപ്പത്താകട്ടെ 20ലേറെ ഇന്ത്യൻ വംശജരാണുള്ളത്.

റൊണാൾഡ് റീഗന്റെ കാലത്താണ് ഭരണകൂടത്തിലേക്ക് ആദ്യമായി ഇന്ത്യൻ വംശജരെ നിയമിച്ചത്. ബൈഡൻ പ്രസിഡന്റായതോടെ ഭരണത്തിന്റെ ഒട്ടുമിക്ക ഏജൻസികളിലും ഡിപ്പാർട്ട്മെന്റുകളിലും ഇന്ത്യൻ സാന്നിദ്ധ്യമുണ്ട്.

ഡെലവെയറിൽ നിന്ന് സെനറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട കാലം മുതൽ തന്നെ യു.എസിലെ ഇന്ത്യൻ വംശജരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബൈഡൻ. പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ തിരഞ്ഞെടുത്തത് ഇന്ത്യൻ വംശജയായ കമലാ ഹാരിസിനെയാണ്.

വിനയ് റെഡ്ഡി, ഡോ. ആഷിഷ് ഝാ, സോണിയ അഗർവാൾ, ചിരാഗ് ബെയ്‌ൻസ്, കിരൺ അഹൂജ, നീര ടണ്ടൻ, രാഹുൽ ഗുപ്ത, വേദാന്ത് പട്ടേൽ, ഗരിമ വർമ്മ തുടങ്ങിയവർ ബൈഡൻ ഭരണകൂടത്തിലെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. വിവിധ രാജ്യങ്ങളിലെ യു.എസ് അംബാസഡർമാർക്കിടയിലും ഇന്ത്യൻ വംശജരുണ്ട്. ഡോ. ആമി ബേറ, റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, പ്രമീള ജയപാൽ എന്നിവരാണ് ജനപ്രതിനിധി സഭാ അംഗങ്ങൾ.

സുന്ദർ പിച്ചെയ് (ഗൂഗിൾ), സത്യ നാദെല്ല (മൈക്രോസോഫ്റ്റ് ), ശന്തനു നാരായൺ (അഡോബി ), വിവേക് ലാൽ ( ജനറൽ അറ്റോമിക്സ് ), പുനിത് രഞ്ജൻ (ഡലോയ്‌റ്റ് ), രാജ് സുബ്രഹ്മണ്യം (ഫെഡ്‌എക്‌സ് ) തുടങ്ങിയവർ മുൻനിര യു.എസ് കമ്പനികളെ നയിക്കുന്നു.