പോര് മുറുകും..!

Friday 26 August 2022 12:00 AM IST

സർക്കാരിനെ പൊളിച്ചടുക്കി ഗവർണറും, തിരിച്ചടിച്ച് മുന്നണി നേതാക്കളും രംഗത്തെത്തിയതോടെ സർക്കാർ- ഗവർണർ പോര് അസാധാരണമാം വിധത്തിൽ മുറുകുകയാണ്. മുൻപ് ബംഗാളിൽ മമതയുമായി ഗവർണറായിരുന്ന ജഗദീപ് ധൻകർ ഏറ്റുമുട്ടിയതിനു സമാനമാണ് കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ. സർവകലാശാലകളുടെ വൈസ്ചാൻസലർ നിയമനത്തിൽ തന്റെ അധികാരങ്ങൾ കവരുന്ന ബില്ല് നിയമസഭയിൽ അവതരിപ്പിച്ച്, തന്നെ ചാൻസലറുടെ കസേരയിൽ പാവയെപ്പോലെ ഇരുത്താനുള്ള സർക്കാരിന്റെ നീക്കത്തിനാണ് ഗവർണർ കനത്ത തിരിച്ചടി നൽകിയത്. സർക്കാർ ഏതു ബില്ല് കൊണ്ടുവന്നാലും നിയമവിരുദ്ധമാണെങ്കിൽ താൻ ഒപ്പിടുന്ന പ്രശ്നമില്ലെന്ന ഗവർണറുടെ വാക്കുകൾ അദ്ദേഹം സർക്കാരിനെ പൊളിച്ചടുക്കാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നതിന്റെ സൂചനയാണ്.

നിയമം പാസാക്കാനുള്ള നിയമസഭയുടെ പരമാധികാരത്തെ മാനിക്കുന്നെങ്കിലും, അവ ഭരണഘടനാപരമായും നിയമപരമായും നിലനിൽക്കുന്നതാണോയെന്നും സുപ്രീംകോടതി ഉത്തരവുകൾക്ക് വിരുദ്ധമാണോയെന്നുമടക്കം എല്ലാ മാനദണ്ഡങ്ങളും ബില്ലിനു പിന്നിലെ സദുദ്ദേശവുമെല്ലാം ഏറ്റവും ശ്രദ്ധാപൂർവം പരിശോധിച്ചു മാത്രമേ ബില്ലിൽ ഒപ്പിടൂ എന്നാണ് ഗവർണർ പരസ്യമായി ആവർത്തിക്കുന്നത്. അതായത് ബില്ലുകൾ രാജ്ഭവനിലേക്ക് അയച്ചാലും അവിടെ തടഞ്ഞിടുമെന്നർത്ഥം. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും കാരണമൊന്നും പറയാതെ തടഞ്ഞുവയ്ക്കാനുമെല്ലാം ഗവർണർക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. ഇതേക്കുറിച്ച് ഭരണഘടന മൗനംപാലിക്കുകയാണ്. ഗവർണറുടെ ഈ വിവേചനാധികാരമാണ് സർക്കാരിനെ കുഴയ്‌ക്കുന്നത്. സുപ്രീംകോടതിയിലെ വിരമിച്ച ചീഫ്ജസ്റ്റിസോ ജഡ്ജിയോ തലവനായ ലോകായുക്ത അന്വേഷണവും തെളിവെടുപ്പും വിചാരണയും നടത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനുമെല്ലാം പുന:പരിശോധിക്കാമെന്ന വിവാദ വ്യവസ്ഥയടങ്ങിയ ലോകായുക്ത ഭേദഗതിബിൽ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനെ, വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളുടെ കൺവീനറാക്കിയുള്ള സർവകലാശാലാ ഭേദഗതിബിൽ, മിൽമ ഭരണം കൈപ്പിടിയിലാക്കാനുദ്ദേശിച്ചുള്ള സഹകരണസംഘം ഭേദഗതി ബിൽ എന്നിവയിൽ ഗവർണർ ഒപ്പിടാനിടയില്ല.

ഏത് ബിൽ പാസാക്കിയാലും സർവകലാശാലകളിലെ ബന്ധുനിയമനം അനുവദിക്കില്ലെന്ന് തുറന്നടിച്ച് സർക്കാരുമായുള്ള പോര് മുറുക്കുകയാണദ്ദേഹം. സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാൻ അനുവദിക്കില്ല. അധികാരത്തിലുള്ളവരുടെ ബന്ധുക്കളെ നിയമിക്കാൻ വൈസ്ചാൻസലർമാരെ ഉപയോഗിക്കാനും അനുവദിക്കില്ല. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള തന്റെ ചുമതലകൾ പൂർണ ബോദ്ധ്യത്തോടെ നിറവേറും. സർവകലാശാലകൾ യു.ജി.സി ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. സർവകലാശാലയുമായും കോളേജുകളുമായും ബന്ധമുള്ള ഒരാളും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്ന് യു.ജി.സി ചട്ടം. പുതിയ ബില്ലിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാനാണ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി കൺവീനർ. സമിതിയിൽ അംഗമായോ കൺവീനറായോ അദ്ദേഹത്തെ ഉൾപ്പെടുത്താനാവില്ല. ചാൻസലറുടെ അധികാരം കവരാൻ സർക്കാർ കൊണ്ടുവന്ന ഭേദഗതി വെള്ളത്തിൽവരച്ച വരയാവുമെന്ന് തുറന്നു പറയുകയാണ് ഗവർണർ.

മുൻപ് പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞ കേരള സർവകലാശാലാ വൈസ്ചാൻസലറെയും ഗവർണർ വിടുന്ന മട്ടില്ല. ഒരു പരീക്ഷയിൽ രണ്ട് ചോദ്യപേപ്പറുകൾ ആവർത്തിച്ചതും കുട്ടികൾക്ക് ഉത്തരക്കടലാസുകൾ നേരത്തേ നൽകിയതുമടക്കം ക്രമക്കേടുകൾ കണ്ടതിനാലാണ് അഞ്ച് കോടി സമ്മാനത്തുകയുള്ള ചാൻസലേഴ്സ് അവാർഡ് കേരള സർവകലാശാലയ്ക്ക് പ്രഖ്യാപിക്കാത്തതെന്നാണ് അദ്ദേഹം പറയുന്നത്. അവാർഡിനായി ഗവർണർ നിയമിച്ച സമിതിക്കു മുന്നിൽ ഈ വസ്തുതകൾ മറച്ചുവച്ച് തന്നെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പരിഭവിക്കുന്നു.

ബിരുദം തിരിച്ചെടുക്കൽ

കുട്ടികളുടെ തലയിലോ

ചട്ടവിരുദ്ധമായി നൽകിയ ബിരുദ സർട്ടിഫിക്ക​റ്റുകൾ തിരിച്ചെടുക്കാൻ സിൻഡിക്കേ​റ്റിന് അധികാരം നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്തതിന് ഗവർണർ അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ സെപ്തംബറിൽ സെനറ്റിന്റെ പ്രത്യേക യോഗമാണ് ചട്ടഭേദഗതി പാസാക്കി ഗവർണറുടെ അനുമതിക്കയച്ചത്. ഇത്തരമൊരു വ്യവസ്ഥ സ്റ്റാറ്റ്യൂട്ടിൽ കൂട്ടിച്ചേർക്കുന്നത് ഔചിത്യമല്ലെന്നാണ് ഗവർണറുടെ നിലപാട്. നിലവിലെ ചട്ടപ്രകാരം ബിരുദ സർട്ടിഫിക്ക​റ്റ് പിൻവലിക്കാൻ സിൻഡിക്കേ​റ്റിന്റെയും സെന​റ്റിന്റെയും അംഗീകാരത്തോടെ ഗവർണർക്ക് മാത്രമാണ് അധികാരം. ഭേദഗതി പ്രകാരം ബിരുദം തിരിച്ചെടുക്കാൻ ഗവർണറുടെ അനുമതി വേണ്ട. ക്രമക്കേട് കണ്ടെത്തിയാലോ, തെറ്റുപറ്റിയെന്ന് ബോദ്ധ്യമായാലോ സിൻഡിക്കേറ്റിന് തീരുമാനമെടുക്കാമായിരുന്നു.

സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡ് ഉപയോഗിച്ച് 2019ൽ കമ്പ്യൂട്ടറിൽ മാർക്ക് തിരുത്തി 23 വിദ്യാർത്ഥികളെ ജയിപ്പിച്ചതായി കണ്ടെത്തിയിട്ടും സർട്ടിഫിക്കറ്റുകൾ പിൻവലിക്കുകയോ അവർക്കായി പ്രത്യേക പരീക്ഷ നടത്തുകയോ ചെയ്യാത്തതിനാൽ 23പേർക്കും നൽകിയ ബിരുദം ശരിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർവകലാശാലയുടെ പിഴവിന് ബിരുദം പിൻവലിക്കുന്നതെന്തിനെന്ന് താൻ വിസിയോട് ചോദിച്ചെന്നും ധാർമ്മിക ഉത്തരവാദിത്തം വിദ്യാർത്ഥികൾക്കാണെന്നായിരുന്നു മറുപടിയെന്നും ഗവർണർ കഴിഞ്ഞദിവസം തുറന്നുപറഞ്ഞു. സ്വന്തം തെറ്റുകൾ മറച്ചുവച്ച് ബിരുദം സ്വീകരിച്ച വിദ്യാർത്ഥികളെ പഴിക്കുന്നതെന്തിനെന്ന് വി.സിയോട് ചോദിച്ചു. ഇത്തരം ഭാഷ ഉപയോഗിച്ചതെന്തിന്? ഈ വാക്കുകളുടെ അർത്ഥം അറിയാമോ എന്നും ചോദിച്ചു. പിന്നീട് വി.സി മാപ്പപേക്ഷ എഴുതിത്തന്നെന്നാണ് ഗവർണറുടെ വെളിപ്പെടുത്തൽ.

യഥാർത്ഥത്തിൽ മാർക്ക് തട്ടിപ്പിന് ഒത്താശ ചെയ്യുകയായിരുന്നു കേരള സർവകലാശാല. അനധികൃതമായി ലഭിച്ച ബിരുദത്തിന് സാധൂകരണം ലഭിക്കാൻ ഹൈക്കോടതിയെ സമീപിച്ച വിദ്യാർത്ഥികൾക്ക്, സർട്ടിഫിക്ക​റ്റുകൾ പിൻവലിക്കാതിരുന്ന സർവകലാശാലയുടെ നടപടി സഹായകമായി മാറുകയായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്‌വേർഡുപയോഗിച്ച് നടത്തിയ മാർക്ക് തട്ടിപ്പ് സോഫ്‌റ്റ്‌വെയറിലെ പിഴവാണെന്നായിരുന്നു സർവകലാശാലയുടെ വാദം. പിന്നീടാണ് തട്ടിപ്പ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സർവകലാശാല പരീക്ഷാരേഖകൾ കൈമാറിയില്ല. ഇതോടെ അന്വേഷണം നിലച്ചു. വ്യാജമായോ പിഴവ് കാരണമോ നൽകുന്ന ബിരുദം റദ്ദാക്കാൻ നിലവിൽ ചട്ടമുണ്ടായിരിക്കെ, സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനോ പ്രത്യേകപരീക്ഷ നടത്താനോ സർവകലാശാല നടപടിയെടുത്തില്ല. മാർക്ക് ദാനത്തിലൂടെ വേണ്ടപ്പെട്ടവർക്ക് ഒത്താശ ചെയ്യുകയും അവർക്ക് അനുകൂല കോടതി ഉത്തരവ് നേടാൻ സഹായിക്കുകയുമാണ് സർവകലാശാല ചെയ്തത്.

കണ്ണൂരിലേത് ആക്രമണം

വൈസ്ചാൻസലർ പ്രതി

കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ഡൽഹിയിലാണെന്നും വി.സി ഗോപിനാഥ് രവീന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഗവർണർ ആരോപിക്കുന്നു. വി.സി ക്രിമിനൽ തന്നെയെന്ന് ആവർത്തിക്കുന്നു. രാഷ്ട്രപതി, ഗവർണർ എന്നിവരെ തടയാൻ പാടില്ലെന്നും ഉപദ്രവിക്കാനോ ആക്രമിക്കാനോ പാടില്ലെന്ന് ഐ.പി.സിയിൽ പറയുന്നു. ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെയും പൊതുപരിപാടിയിൽ കറുത്ത ഷർട്ടിട്ടതിന്റെയും പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നു. തനിക്കെതിരായ ഗൂഢാലോചനയിൽ നടപടിയില്ല. ആക്രമണത്തെക്കുറിച്ച് രാജ്ഭവൻ രണ്ടുവട്ടം റിപ്പോർട്ട് തേടി. താൻ സെക്യൂരിറ്റി വിദഗ്ദ്ധനല്ലെന്നാണ് വി.സി മറുപടി നൽകിയത്. അലിഗഡിൽ പ്രധാനമന്ത്രി പോയപ്പോൾ ഇർഫാൻ അവിടെപ്പോയില്ല, പകരം വാക്കുകളിലൂടെ പ്രതിഷേധിച്ചു. ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യനാഥാണെന്ന് ഇർഫാന് അറിയാം- ഗവർണർ പറയുന്നു.

Advertisement
Advertisement