ഇമ്രാന് വീണ്ടും ജാമ്യം

Friday 26 August 2022 4:44 AM IST

കറാച്ചി : ഇസ്ലാമാബാദിൽ നടന്ന റാലിയ്ക്കിടെ വനിതാ ജഡ്‌ജിയെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിന് ഭീകരവിരുദ്ധ നിയമ പ്രകാരം കേസ് നേരിടുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇടക്കാല ജാമ്യം അനുവദിച്ച് ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി. സെപ്തംബർ 1 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അതുവരെ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു.

കോടതീയലക്ഷ്യക്കേസിൽ 31ന് ട്രൈബ്യൂണലിന് മുന്നിൽ നേരിട്ട് ഹാജരാകാൻ ഇമ്രാനോട് ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

തന്റെ അനുയായിയായ ഷെഹ്‌ബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് ഇസ്ലാമാബാദ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും വനിതാ മജിസ്ട്രേട്ടിനും എതിരെ കേസ് കൊടുക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച നടന്ന റാലിയിൽ ഇമ്രാൻ പറഞ്ഞത്.

Advertisement
Advertisement