യുവാക്കൾക്കൊപ്പം ലഹരിമരുന്ന് പാർട്ടി, പെൺകുട്ടികളെ എത്തിച്ചുകൊടുത്ത വിദ്യാർത്ഥിനിയുടെ തല തല്ലിപ്പൊളിച്ച് കാമുകൻ; താമസസ്ഥലത്ത് നിന്ന് കണ്ടെത്തിയത് പാക്കറ്റ് കണക്കിന് ഗർഭനിരോധന ഉറകൾ

Saturday 27 August 2022 10:58 AM IST

ചെന്നൈ: ലൈംഗികമായി ചൂഷണം ചെയ്യാൻ യുവാക്കൾക്ക് സഹപാഠികളെ എത്തിച്ചുനൽകിയ കോളേജ് വിദ്യാർത്ഥിനിയുടെ തല കാമുകൻ തല്ലിപ്പൊളിച്ചു. കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

നാഗർകോവിൽ സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കാമുകനായ അജിൻ ആക്രമിച്ചത്. പെൺകുട്ടി അടുത്തിടെ കഞ്ചാവ് ഉപയോഗം തുടങ്ങിയിരുന്നു. ആണും പെണ്ണും ഒന്നിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാർട്ടികളോടായിരുന്നു വിദ്യാർത്ഥിനിക്ക് പ്രിയം.

പരിചയക്കാരായ യുവാക്കൾക്കൊപ്പമായിരുന്നു പാർട്ടി നടത്തിയിരുന്നത്. സഹപാഠികളെ പലതും പറഞ്ഞ് മയക്കിയായിരുന്നു പാർട്ടിക്കെത്തിച്ചിരുന്നത്. ലഹരി തലക്കുപിടിച്ചുകഴിഞ്ഞാൽ യുവാക്കൾ ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കാമുകനും തമ്മിൽ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ താമസസ്ഥലത്ത് പാർട്ടി നടന്നിരുന്നു. വിവരമറിഞ്ഞ അജിൻ, മതിൽ ചാടിക്കടന്ന് ഇവിടേക്ക് എത്തുകയും സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിക്കുകയായിരുന്നു. ഇത് തടയാൻ കാമുകി ശ്രമിച്ചതോടെയാണ് തല തല്ലിപ്പൊളിച്ചത്.

അജിൻ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. പെൺകുട്ടിയുടെ താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും പാക്കറ്റ് കണക്കിന് ഗർഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.