'ആന്റി' എന്ന് വിളിച്ചുള്ള പരിഹാസവുമായി വിജയ് ദേവരകൊണ്ട ഫാൻസ്, സ്ക്രീൻ ഷോട്ടെടുത്ത്  കേസ്  കൊടുക്കുമെന്ന് അനസൂയ

Saturday 27 August 2022 2:04 PM IST

സമൂഹമാദ്ധ്യമങ്ങളിൽ നടിമാർക്കെതിരെ ചിലയാളുകൾ അധിക്ഷേപ കമന്റുകൾ പങ്കുവയ്ക്കുന്നത് പലപ്പോഴും കാണാറുണ്ട്. വളരെക്കുറച്ച് താരങ്ങൾ മാത്രമാണ് ഇതിനോട് പ്രതികരിക്കാറുള്ളത്. ചിലർ രൂക്ഷമായി മറുപടികൾ നൽകാറുമുണ്ട്.

ഇപ്പോഴിതാ അധിക്ഷേപ കമന്റുകൾ പങ്കുവച്ചവർക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് തെലുങ്കുതാരം അനസൂയ ഭരദ്വാജ്. താരത്തെ 'ആന്റി' എന്ന് വിളിച്ച് പരിഹസിച്ചവർക്കെതിരെയാണ് താരത്തിന്റെ വിമർശനം.

നടൻ വിജയ് ദേവരക്കൊണ്ടയുടെ ആരാധകരാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് നടി പറഞ്ഞു. അധിക്ഷേപ കമന്റുകൾ പങ്കുവയ്ക്കുന്നവരുടെ കമന്റുകൾ സ്ക്രീൻഷോട്ടെടുത്ത് കേസ് കൊടുക്കുമെന്ന് താരം വ്യക്തമാക്കി.

ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ 'ലിഗറി'ന്റെ നെഗറ്റീവ് റിവ്യൂസുമായി ബന്ധപ്പെട്ട് അനസൂയ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് ആരാധകർ സെെബറാക്രമണം തുടങ്ങിയത്. സിനിമയുടെ നെഗറ്റീവ് റിവ്യൂകളുമായി ബന്ധപ്പെട്ട് നടി പങ്കുവച്ച കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചത്.

'പ്രായത്തെ അപമാനിച്ചാണ് ആന്റി എന്നു വിളിക്കുന്നത്. എന്റെ കുടുംബത്തെ കൂടി ഇതിലേക്ക് വലിച്ചിഴക്കുകയാണ്. ഇത്തരക്കാർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യും. ഇതെന്റെ അവസാന മുന്നറിയിപ്പാണ്'- നടി ട്വിറ്ററിൽ കുറിച്ചു.

ജനശ്രദ്ധ പിടിച്ചു പറ്റുന്നതിനുള്ള തന്ത്രമല്ലേ ഇതെന്ന് നിരവധി ആളുകൾ താരത്തോട് ചോദിച്ചു. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങൾ സാധാരണമല്ലേ എന്നു കരുതി അവഗണിക്കുന്നത് ശരിയല്ലെന്നാണ് നടി മറുപടി നൽകിയത്. സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവരെ വെറുതെ വിടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും അനസൂയ കൂട്ടിച്ചേർത്തു.