ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കുന്നില്ല : സ്വകാര്യകമ്പനിക്കെതിരെ കോർപറേഷൻ

Saturday 27 August 2022 10:09 PM IST

കണ്ണൂർ:കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കേരള സ്റ്റേറ്റ് ഇന്റസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.എസ്.എസ്.ഡി.സി) ചുമതലപ്പെടുത്തിയ സോന്റ ഇൻഫ്രാ ടെകിനെതിരെ നടപടിയുണ്ടാകും. ഇന്നലെ ചേർന്ന കൗൺസിൽ യോഗം അജണ്ടയിൽ ഉൾപ്പെടുത്തിയാണ് അഡ്വാൻസ് കൈപ്പറ്റിയിട്ടും തുടർ നടപടികൾ സ്വീകരിക്കാത്ത കമ്പനിയുടെ നടപടി ചർച്ച ചെയ്തത്.

അഡ്വാൻസ് നൽകിയ 68,60,000 രൂപ തിരികെ വാങ്ങി തുടർ നിയമനടപടികൾക്കായി പരാതി ഫയൽ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.കോർപ്പറേഷനുമായി കൂടിയാലോചന നടത്താതെയാണ് കമ്പനിക്ക് കരാർ നൽകിയതെന്ന് വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.രാഗേഷ് കുറ്റപ്പെടുത്തി. കമ്പനിക്ക് വേണ്ടിയുണ്ടാക്കിയ ടേംസ് ആൻഡ് കണ്ടീഷനാണെന്നും രാഗേഷ് ആരോപിച്ചു.

കോർപ്പറേഷൻ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഡെവലപ്പ്മെന്റ് ഒഫ് പയ്യാമ്പലം പാർക്ക് ഒഴിവാക്കാനും ജവഹർ സ്റ്റേഡിയത്തിനു സമീപമുള്ള സുവർണ്ണ ജൂബിലി സ്തൂപത്തിനോടനുബന്ധിച്ച് ഒരു പാർക്ക് നിർമ്മിക്കാനും കൗൺസിൽ തീരുമാനിച്ചു.

പില്ലറുകളില്ലാതെ എന്ത് വാക്ക് വേ

ഡെവലപ്പ്മെന്റ് ഒഫ് പയ്യാമ്പലം പാർക്ക് പ്രവൃത്തിയുമായി ബന്ധപ്പെട്ട് പില്ലറുകളില്ലാതെ വാക്ക് വേ നിർമ്മിക്കുന്നത് പ്രായോഗികമല്ലെന്ന് കൗൺസിലിനെ ഉദ്യോഗസ്ഥർ അറിയിച്ചു.

കൗൺസിലിന്റെ മിനുട്സ് ബുക്കിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താത്തതിനെതിരെയും

വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.രാഗേഷ് പ്രതിഷേധം രേഖപ്പെടുത്തി. ഇങ്ങനയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കണമെന്നായിരുന്നു എൽ.ഡി.എഫിലെ ടി.രവീന്ദ്രൻ അഭിപ്രായപ്പെട്ടത്.

അലഞ്ഞ് നടക്കുന്ന കന്നുകാലികളുടേയും തെരുവുനായകളുടേയും ശല്യം നഗരത്തിൽ രൂക്ഷമാണെന്ന് എൽ.ഡി.എഫിലെ പി.കെ.അൻവർ കുറ്റപ്പെടുത്തി.സംസ്ഥാനത്തുടനീളം സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തുവരികയാണെന്നും അൻവർ ചൂണ്ടിക്കാട്ടി.

Advertisement
Advertisement