കുമ്മിയടിച്ച് ഊരു ചുറ്റാൻ കുമ്മാട്ടികൾ

Saturday 27 August 2022 10:15 PM IST

തൃശൂർ : പുരാണകഥകൾ പാടി, കുമ്മിയടിച്ച് ഊരു ചുറ്റാൻ കുമ്മാട്ടികൾ ഇറങ്ങും. രണ്ട് വർഷമായി ഒറ്റ കുമ്മാട്ടിയുമായി കുമ്മാട്ടി സംഘങ്ങൾ ചടങ്ങുകളായി ഒതുക്കിയപ്പോൾ ഇത്തവണ ഊരുകൾ താണ്ടാനുള്ള തയ്യാറെടുപ്പിലാണ്. ഉത്രാടം മുതൽ മൂന്നോണം വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശിവഭൂതഗണങ്ങളെന്ന് അറിയപ്പെടുന്ന കുമ്മാട്ടികൾ ഇറങ്ങിത്തുടങ്ങും.

ആയിരക്കണക്കിന് പേരെത്തുന്ന കിഴക്കുംപാട്ടുകരയിലെ വടക്കുംമുറി, കിഴക്കുംമുറി കുമ്മാട്ടികളും പ്രൃഥ്വി, നെല്ലങ്കര കുമ്മാട്ടികളും ഇത്തവണ ഒരുക്കമാരംഭിച്ചു. കൊവിഡ് മൂലം ഒറ്റ ചെണ്ടയും താളവും ഒരു കുമ്മാട്ടിയുമായിട്ടായിരുന്നു ചടങ്ങുകൾ. ശിവൻ, ഹനുമാൻ, സുഗ്രീവൻ, ബാലി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ. കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ചുള്ള നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചു. തിരുവോണ നാൾ മുതൽ കിഴക്കുംപാട്ടുകരയിലെ കുമ്മാട്ടികളികൾക്ക് തുടക്കമാകും.

അലയണം പർപ്പടക പുല്ലിനായി


ശരീരം മുഴുവനും പർപ്പടകപ്പുല്ല് കെട്ടി ചെണ്ടയുടെ താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുക. ദേഹമാസകലം പുല്ലുകൊണ്ട് മൂടി പേടിപ്പിക്കുന്ന രൂപത്തിലാണ് കുമ്മാട്ടികൾ. ഓണക്കാലമായാൽ കുമ്മാട്ടിസംഘങ്ങളുടെ പ്രധാന ജോലി എന്നത് കുമ്മാട്ടിപ്പുല്ലുള്ള സ്ഥലങ്ങൾ തേടിപ്പിടിക്കുക എന്നതാണ്. തൃശൂരിൽ നിന്ന് ആലപ്പുഴ, തമിഴ് നാട് എന്നിവിടങ്ങളിലേക്കാണ് പുല്ല് തേടി പോകുന്നത്. ദിവസങ്ങളോളം പ്രദേശത്ത് ചെന്ന് പുല്ല് ചെത്തി വാടാതെ എത്തിച്ചാണ് ഉയോഗിക്കുന്നത്. ഓരോ കുമ്മാട്ടികൾക്കും വേഷം കെട്ടാനും പുല്ല് തയ്യാറാക്കാനും മറ്റും അയ്യായിരത്തിലേറെ രൂപ ചെലവ് വരും. സമീപകാലങ്ങളിൽ ഈ ചെടി ലഭിക്കാൻ തമിഴ്‌നാട് വരെ ചില സംഘങ്ങൾക്ക് പോകേണ്ടിവന്നു. സാധാരണ വെട്ടുകല്ലുള്ള പ്രദേശത്ത് ഈർപ്പം കുറഞ്ഞിടത്താണ് ഈ പുല്ല് കാണുക. ചുവന്ന മണ്ണിലും ഇവ നന്നായി വളരും. ഗ്രാമങ്ങളിൽ കുന്നിടിച്ചിൽ വ്യാപകമായതോടെ കുമ്മാട്ടിപ്പുല്ല് അപ്രത്യക്ഷമായി തുടങ്ങി.


പരമ്പരാഗതമായ ആഘോഷമാണ് കുമ്മാട്ടികളി. തൃശൂരിനെ സംബന്ധിച്ച് കുമ്മാട്ടികളി എന്നത് ഏറെ ഐതിഹ്യപെരുമ നിറഞ്ഞതാണ്. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ചടങ്ങിലൊതുക്കി. എന്നാൽ ഇത്തവണ ആഘോഷപൂർവ്വം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

സുരേന്ദ്രൻ ഐനിക്കുന്നത്ത്
തൃശൂർ കുമ്മാട്ടികളി സംഘം പ്രസിഡന്റ് .

Advertisement
Advertisement