ഗുലാം നബി ആസാദിന്റെ പുതിയ പാർട്ടി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ

Sunday 28 August 2022 12:15 AM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവും ജമ്മു-കാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് രണ്ടാഴ്‌ചയ്‌ക്കകം സ്വന്തം പാർട്ടി പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിടയുള്ളതിനാൽ ആദ്യ യൂണിറ്റ് പ്രവർത്തനം തുടങ്ങുക ജമ്മു-കാശ്മീർ കേന്ദ്രീകരിച്ചായിരിക്കും . സംസ്ഥാനത്ത് നിന്നുള്ള കൂടുതൽ നേതാക്കൾ ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് വിടുകയാണ്.

സെപ്‌തംബർ 4ന് ജമ്മു-കാശ്‌മീരിലെത്തുന്ന ഗുലാം നബി അനുയായികളുമായി പാർട്ടി രൂപീകരണ ചർച്ചകൾ നടത്തും. ജമ്മു-കാശ്മീർ വിഭജിച്ച നടപടി റദ്ദാക്കി 2019 ഓഗസ്റ്റ് 5-ന് മുമ്പുള്ള തത്‌സ്ഥിതി പുനഃസ്ഥാപിക്കുന്നതടക്കം പ്രഖ്യാപനങ്ങൾ പുതിയ പാർട്ടിയുടെ പ്രകടനപത്രികയിലുണ്ടാകുമെന്ന് ഗുലാം നബിക്കൊപ്പം കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ എം.എൽ.എ ജി.എൻ. സറൂരി പറഞ്ഞു. ജമ്മു-കാശ്മീരിലുടനീളം അദ്ദേഹത്തിന് പിന്തുണയുണ്ട്. മതനിരപേക്ഷ നിലപാടുള്ള ആസാദ് ഒരിക്കലും ബി.ജെ.പിയുടെ അടിമയായി പ്രവർത്തിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിരവധി മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ ഒരു ഡസനിലധികം നേതാക്കൾ ആസാദിനെ പിന്തുണച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദിനെപ്പോലുള്ള നേതാക്കളും രാജിവച്ചേക്കും.

ഗുലാം നബി ആസാദിന് ഇപ്പോഴാണ് 'ആസാദി'(സ്വാതന്ത്ര്യം) ലഭിച്ചതെന്ന് മുൻ കോൺഗ്രസ് നേതാവും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

Advertisement
Advertisement