ജനതാദൾ - എസുമായി വീണ്ടും ലയനചർച്ചയ്‌ക്ക് എൽ.ജെ.ഡി

Sunday 28 August 2022 12:56 AM IST

തിരുവനന്തപുരം: ജനതാദൾ-എസുമായുള്ള ലയന ചർച്ച വീണ്ടും തുടങ്ങാൻ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന നേതൃത്വം.

ഇന്നലെ തൃശൂരിൽ പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജെ.ഡി.എസുമായുള്ള ചർച്ച പുനരാരംഭിക്കാൻ പച്ചക്കൊടി കാട്ടി. എൽ.ജെ.ഡി ദേശീയതലത്തിൽ ഇല്ലാതായ സ്ഥിതിക്ക് കേരളത്തിൽ ലേബലില്ലാത്ത പാർട്ടിയായി ഒതുങ്ങുന്നത് അഭികാമ്യമാകില്ലെന്ന അഭിപ്രായമാണ് യോഗത്തിലുയർന്നത്. ജെ.ഡി.എസുമായി ലയിച്ച് ഇടതുമുന്നണിയിലെ മൂന്നാം ശക്തിയാവണമെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ചിലർ എതിർത്തെങ്കിലും ഭൂരിപക്ഷവികാരം മാനിച്ച് ലയനചർച്ചയ്ക്ക് ഏഴംഗ സമിതിയെ നിയോഗിക്കാൻ യോഗം തീരുമാനിച്ചെന്നാണ് സൂചന.

ജെ.ഡി.എസ് സംസ്ഥാന നേതൃത്വവുമായി വരും ദിവസങ്ങളിൽ ചർച്ച പുനരാരംഭിച്ചേക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എച്ച്.ഡി. ദേവഗൗഡ ബി.ജെ.പി ചായ്‌വ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ലയനചർച്ചയിൽ നിന്ന് എൽ.ജെ.ഡി കേരളഘടകം പിന്മാറിയത്. എന്നാൽ, ബീഹാർ രാഷ്ട്രീയത്തിലം അപ്രതീക്ഷിത മാറ്റങ്ങൾക്ക് ശേഷം ദേശീയതലത്തിൽ ബദൽരാഷ്ട്രീയത്തിന് നേതൃത്വം നൽകാൻ പുതുതലമുറയെ സ്വാഗതം ചെയ്ത ദേവഗൗഡയുടെ പ്രതികരണം വീണ്ടും മതേതരചേരിക്ക് ഊർജ്ജം നൽകുന്നതായി ജനതാദൾഗ്രൂപ്പുകളിൽ വിലയിരുത്തലുണ്ടായി.

അഖിലേന്ത്യാതലത്തിൽ ശരദ് യാദവിന്റെ എൽ.ജെ.ഡി രാഷ്ട്രീയ ജനതാദളിൽ ലയിച്ചുകഴിഞ്ഞു. കേരള ഘടകം മാത്രമാണ് വേറിട്ട് നിൽക്കുന്നത്. എൽ.ജെ.ഡി അഖിലേന്ത്യാതലത്തിൽ ഇല്ലാതായതോടെ കേരളഘടകം അസ്തിത്വപ്രതിസന്ധിയിലുമാണ്. ഇടതുമുന്നണിയിലാണെങ്കിൽ ഒരു എം.എൽ.എ ഉണ്ടായിട്ടും മന്ത്രിസ്ഥാനത്ത് തഴയപ്പെടുകയുമുണ്ടായി. പാർട്ടിക്കകത്തും പലരും നിരാശരാണ്. നേതൃനിരയിലുണ്ടായിരുന്ന ഷേക് പി. ഹാരിസിനെ പോലുള്ള പ്രമുഖർ വിട്ടുപോയി സി.പി.എമ്മിൽ ചേർന്നു. രണ്ട് ജനതാദളുകളും ഒന്നായാൽ ഇടതുമുന്നണിയിലെ നാലാം കക്ഷിയെന്ന പരിഗണന കിട്ടുമെന്നാണ് വിലയിരുത്തൽ. നേരത്തേ ഒറ്റക്കക്ഷിയായിരിക്കെ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു ജനതാദൾ.

Advertisement
Advertisement