ലിംഗനീതി വിവാദമാക്കുന്നതിന് പിന്നിൽ ഗൂഢാലോചന: സ്പീക്കർ

Sunday 28 August 2022 1:57 AM IST

തൃശൂർ: ലിംഗനീതി ചർച്ചയാക്കുന്നതിന് പകരം നടപ്പാക്കരുതെന്ന് ആഗ്രഹിക്കുന്നവർ അത് വിവാദമാക്കുകയാണെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ ടി.വി.അച്യുത വാരിയർ സ്മാരക മാദ്ധ്യമ പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ പിന്നിലാണെന്നും പൊതുജനാഭിപ്രായമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് ഒന്നോ രണ്ടോ കുത്തക മുതലാളിമാരുടെ താൽപര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുഖപ്രസംഗത്തിനുള്ള ടി.വി.അച്യുതവാരിയർ അവാർഡ് നേടിയ മാതൃഭൂമി ലേഖിക കെ.വി.കല, മികച്ച വാർത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരം നേടിയ കെ.അരുൺ കുമാർ എന്നിവർ സ്പീക്കറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. മാദ്ധ്യമപ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. ടി.വി.അച്യുതവാരിയർ അനുസ്മരണ പ്രഭാഷണം മുതിർന്ന പത്രപ്രവർത്തകൻ സി.എ.കൃഷ്ണൻ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, കെ.യു.ഡബ്ലിയു.ജെ. സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, ജില്ലാ സെക്രട്ടറി പോൾ മാത്യു, മുൻ ജില്ലാ പ്രസിഡന്റ് കെ.പ്രഭാത്, വൈസ് പ്രസിഡന്റ് അരുൺ എഴുത്തച്ഛൻ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി.എസ്.ദീപു, രമേശൻ പീലിക്കോട് എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.

Advertisement
Advertisement