പണം തിരിച്ചുപിടിച്ചാൽ മാത്രം പോരാ

Sunday 28 August 2022 2:20 AM IST

ഭരണാനുമതി നൽകിയിട്ടും സമയബന്ധിതമായി പൂർത്തിയാക്കാത്ത ടൂറിസം പദ്ധതികളുടെ തുക തിരിച്ചു പിടിക്കാനുള്ള തീരുമാനം, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് അല്പമെങ്കിലും ആശ്വാസമേകുന്ന നടപടിയാണ്. തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടൂറിസം വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടിടപെട്ട് അന്വേഷണത്തിന് നിർദ്ദേശം നൽകിയതിനാലാണ് പല കടലാസ് പദ്ധതികളിലൂടെയും സർക്കാർ ഖജനാവിന് നഷ്ടമായ കോടികൾ തിരിച്ചുപിടിക്കാൻ അവസരം ഒരുങ്ങിയത്. കഴിഞ്ഞ നാലുമാസമായി ഇതുസംബന്ധിച്ച അന്വേഷണങ്ങൾ നടന്നുവരികയാണ്. ഇപ്പോൾ ലഭ്യമായ കണക്കുപ്രകാരം 250 കോടിയോളം രൂപ മുതൽമുടക്കുള്ള വിവിധ പദ്ധതികളാണ് പൂർത്തിയാക്കാനുള്ളത്. പരിശോധന പൂർത്തിയായ പദ്ധതികളിൽ നിന്നുമാത്രം 33 കോടിരൂപ തിരിച്ചുപിടിക്കാൻ ഉത്തരവായിട്ടുണ്ട്. മുൻ സർക്കാരുകളുടെ കാലത്ത് അനുവദിച്ച 43 പദ്ധതികളിൽ മുൻകൂറായി വിവിധ സർക്കാർ വകുപ്പുകൾക്കും ടൂറിസം പ്രൊമോഷൻ കൗൺസിലടക്കം സർക്കാർ ഏജൻസികൾക്കും കരാറുകാർക്കുമെല്ലാം നൽകിയ തുകയാണിത്. 2008 മുതലുള്ള പദ്ധതികളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ഉത്തരവാദിത്ത്വം വഹിക്കേണ്ട ഉദ്യോഗസ്ഥർ ജാഗ്രതയോടെ തങ്ങളുടെ കർത്തവ്യം നിർവഹിച്ചിരുന്നെങ്കിൽ ഈ ദുർഗതി ഉണ്ടാകുമായിരുന്നില്ല. സമയപരിധിക്കുള്ളിൽ ഓരോ പദ്ധതികളും നടപ്പിലാക്കുന്നുണ്ടോയെന്ന് കൃത്യമായി മോണിട്ടർ ചെയ്യേണ്ടത് ഉദ്യോഗസ്ഥരാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ കരാറുകാരുടെയും ഏജൻസികളുടെയും ഭാഗത്തുനിന്നും അലംഭാവമോ ,വീഴ്ചയോ സംഭവിക്കുമായിരുന്നില്ല. പൂർത്തിയായ പദ്ധതികളിൽ മിച്ചംവരുന്ന തുക തിരിച്ചടയ്ക്കുന്നുണ്ടോ എന്നുപോലും പരിശോധിച്ചില്ലെന്നു വരുമ്പോൾ ഉദ്യോഗസ്ഥതലത്തിലുണ്ടായ കെടുകാര്യസ്ഥതയുടെ ആഴം മനസിലാക്കാൻ കഴിയും. ഭരണാനുമതി നൽകി മൂന്നുവർഷത്തിനകം പദ്ധതി നടപ്പിലായില്ലെങ്കിൽ അഡ്വാൻസായി നൽകുന്ന തുക തിരിച്ചു നൽകേണ്ടതാണ്. എന്നാൽ ഈ തുക തിരികെ വാങ്ങുന്നതിൽപ്പോലും ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളത്. വീഴ്ചവരുത്തിയത് ഏജൻസിയാണെങ്കിൽ പതിനെട്ട് ശതമാനം പലിശയോടെ വേണം തുക തിരിച്ചടയ്‌ക്കാനെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കിറ്റ്കോയുമാണ് ഏറ്റവുമധികം പദ്ധതികൾ ഏറ്റെടുത്ത് ഉപേക്ഷിച്ചത്. തിരുവനന്തപുരം ശംഖുമുഖത്തെ മനോഹരമായ ബീച്ച് , സൗന്ദര്യവത്ക്കരണം എന്ന പേരുപറഞ്ഞ് ഇന്നത്തെ നിലയിലാക്കിയത് അക്കാലത്ത് ഡി.ടി.പി.സിയുടെ ചുമതല വഹിച്ചിരുന്ന ചിലരുടെ വികലമായ ആശയങ്ങൾമൂലമായിരുന്നു. അതിനുവേണ്ടി പൊടിച്ച കോടികൾ എത്രയെന്നും അന്വേഷിക്കണം. ഡി.ടി.പി.സി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുകളുടെ ഭരണസമിതി ഉടച്ചുവാർക്കുകതന്നെ വേണം.

ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന്റെകൂടി ഭാഗമായിട്ടാണ് മന്ത്രിയുടെ നേതൃത്വത്തിൽ, വളരെ സ്വാഗതാർഹമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നടപടികൾ തുടർന്നുവരുന്നത്. എന്നാൽ ഈ വകുപ്പിൽ മാത്രം ഒതുക്കേണ്ട പ്രവൃത്തിയല്ലിത്. തങ്ങളുടെ വകുപ്പുകളിൽ സർക്കാർ ഖജനാവിൽ നിന്ന് പണം വിനിയോഗിച്ച പദ്ധതികളുടെ സ്ഥിതി എവിടെയെത്തി നിൽക്കുന്നുവെന്നും വല്ല വീഴ്ചയുമുണ്ടായിട്ടുണ്ടോ എന്നും ഓരോ വകുപ്പുമന്ത്രിമാർക്കും അന്വേഷണം നടത്തിക്കാവുന്നതാണ്.

സർക്കാർ ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധിയുടെ വാദം ഉയർത്തുകയും മറുഭാഗത്ത് ധൂർത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുമ്പോൾ ടൂറിസം വകുപ്പിൽ ഇങ്ങനെയൊരു നീക്കം ആരംഭിച്ചത് മാതൃകാപരമാണ്. മന്ത്രി മുഹമ്മദ് റിയാസ് അതിന് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ പണം തിരിച്ചു പിടിച്ചാൽ മാത്രം പോരാ. വീഴ്ച വരുത്തിയവർ ആരായാലും അവർക്കെതിരെ കർശന ശിക്ഷാനടപടികൾ കൈക്കൊള്ളുകതന്നെ വേണം.

Advertisement
Advertisement