കടലിൽ യു.എസിനെതിരെ ആഞ്ഞടിക്കാൻ ചൈന

Sunday 28 August 2022 5:19 AM IST

ബീജിംഗ് : ചൈന തങ്ങളുടെ മുഖ്യ എതിരാളിയായ യു.എസിന് വെല്ലുവിളി ഉയർത്തുന്ന തരത്തിലെ പുതിയ ആറ് ആധുനിക ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ട്. വടക്ക് കിഴക്കൻ ചൈനയിലെ ലിയാവോണിംഗ് പ്രവിശ്യയിലെ ഡാലിയൻ ഷിപ്പ്‌യാർ‌ഡിൽ നിർമ്മാണത്തിലിരിക്കുന്ന ലുയാംഗ് III ക്ലാസിലെ ടൈപ്പ് 052 യുദ്ധക്കപ്പലിന്റെ ശ്രേണിയിൽപ്പെട്ടതെന്ന് കരുതുന്ന അഞ്ച് കപ്പലുകളുടെ ചിത്രങ്ങൾ ചൈനീസ് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെ പുറത്തുവന്നിരുന്നു. വടക്ക് കിഴക്കൻ ഷാങ്ങ്‌ഹായിലെ ജിയാംഗ്‌നാൻ ചാംഗ്‌ഷിംഗ് ഷിപ്പ്‌യാർ‌ഡിലും ഈ ക്ലാസിലെ ഒരു യുദ്ധക്കപ്പൽ നിർമ്മാണത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ 25 ടൈപ്പ് 052 യുദ്ധക്കപ്പലുകളാണ് ചൈനീസ് നേവിയ്ക്കുള്ളത്. നിർമ്മാണം പൂർത്തിയാക്കുന്ന മുറയ്ക്ക് പുതിയ കപ്പലുകളെയും ഈ ഫ്ലീറ്റിന്റെ ഭാഗമാക്കും. ക്രൂസ് മിസൈലുകളും ടോർപിഡോകളും വഹിക്കാൻ ശേഷിയുള്ളവയാണ് ടൈപ്പ് 052 യുദ്ധക്കപ്പലുകൾ. അതേ സമയം, കപ്പലുകൾ നിർമ്മാണത്തിലുള്ളതായി ചൈനീസ് ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. 2035 ഓടെ പ്രതിരോധ നിരയെ കൂടുതൽ കരുത്തുറ്റതും ആധുനികവുമാക്കാനുള്ള നീക്കത്തിലാണ് ചൈന.

നിലവിൽ യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമടങ്ങുന്ന ലോകത്തെ ഏറ്റവും വലിയ നാവിക കപ്പൽ വ്യൂഹം ചൈനീസ് നേവിയ്ക്കാണ്. ആകെ 777 കപ്പലുകളാണ് ( അന്തർവാഹിനി, വിമാനവാഹിനി തുടങ്ങിയവ ഉൾപ്പെടെ ) ചൈനീസ് സൈന്യത്തിനുള്ളതെന്നാണ് കണക്ക്. യു.എസിന് ഇത് 490 ആണ്. ഇതിൽ, യുദ്ധക്കപ്പലുകൾ ( ഡിസ്ട്രോയർ ) ചൈനയേക്കാൾ കൂടുതൽ യു.എസിനാണ്. യു.എസിന് 92ഉം ചൈനയ്ക്ക് 41 ഉം യുദ്ധക്കപ്പലുകളാണുള്ളത്. ടെക്നോളജിയിലും ശക്തിയിലും യു.എസ് ആണ് മുന്നിൽ.

പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലായ ' ഫൂജിയൻ " ജൂണിൽ ചൈന നീ​റ്റിലിറക്കിയിരുന്നു. ചൈനയുടെ മൂന്നാമത്തേതും പൂർണമായി തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെടുന്ന ആദ്യത്തേതുമായ വിമാനവാഹിനിയാണ്. ഏറ്റവും കൂടുതൽ വിമാനവാഹിനി കപ്പലുകൾ സർവീസിലുള്ളത് യു.എസിനാണ്. 11 എണ്ണം.

ഇതിന് തൊട്ടുപിന്നിൽ 3 എണ്ണവുമായി രണ്ടാം സ്ഥാനത്താണ് ചൈന. ആണവ ശക്തിയിൽ പ്രവർത്തിക്കുന്നതെന്ന് സംശയിക്കുന്ന മറ്റൊരു വിമാനവാഹിനിയുടെ നിർമ്മാണവും ചൈനയിൽ നടക്കുന്നുണ്ടെന്ന അഭ്യൂഹമുണ്ട്.

നിലവിൽ തായ്‌വാന് മേൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഇന്തോ - പസഫിക് മേഖലയിൽ സ്വാധീനം ശക്തമാക്കാനും നാവിക ബലം കൂട്ടാനാണ് ചൈന ശ്രമിക്കുന്നത്. യു.എസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ പ്രകോപിതരായ ചൈന തായ്‌വാന് ചുറ്റും സൈനികാഭ്യാസങ്ങളും ആയുധ വിന്യാസങ്ങളും ശക്തമാക്കുകയാണ്.

Advertisement
Advertisement