എംവി ഗോവിന്ദൻ രാഷ്ട്രീയത്തിലേക്കിറങ്ങിയത് അദ്ധ്യാപക ജോലി രാജിവച്ച്, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു; വഹിച്ചത് നിരവധി പദവികൾ

Sunday 28 August 2022 2:09 PM IST

തിരുവനന്തപുരം: എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ പ്രാപ്തിയുള്ള നേതാവ്, മികച്ച സംഘാടകൻ, അഴിമതിയാരോപണങ്ങളിൽപ്പെടാത്ത വ്യക്തിത്വം തുടങ്ങിയവയൊക്കെയാണ് എം വി ഗോവിന്ദൻ എന്ന ഗോവിന്ദൻ മാഷിനെ വ്യത്യസ്തനാക്കുന്നത്.


കണ്ണൂർ മൊറാഴയിലെ കെ കുഞ്ഞമ്പുവിന്റെയും മീതിലെ വീട്ടിൽ മാധവിയുടെയും ആറ് മക്കളിൽ രണ്ടാമനായിട്ടാണ് എം വി ഗോവിന്ദൻ ജനിച്ചത്. മൊറാഴ സ്‌കൂളിലെ കായിക അദ്ധ്യാപകനായിരുന്ന എം വി ഗോവിന്ദൻ, പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനാവുകയായിരുന്നു.

കോടിയേരിക്കൊപ്പം 1970ലാണ് എം വി ഗോവിന്ദൻ സിപിഎമ്മിൽ അംഗമായത്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു എം വി ഗോവിന്ദൻ. കണ്ണൂർ, എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്നു.

1991ലാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായത്. അദ്ദേഹം മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്. സി പി എം സംസ്‌ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

നിലവിൽ തദ്ദേശ, എക്‌സൈസ് വകുപ്പ് മന്ത്രിയായ എം വി ഗോവിന്ദനെ ഇന്ന് രാവിലെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്നും മന്ത്രിസ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

Advertisement
Advertisement