പുലർച്ചെ മുതൽ പി‌ടിപ്പതു പണി, മിച്ചമോ തുച്ഛം.!

Monday 29 August 2022 12:00 AM IST

കോട്ടയം. അതിരാവിലെ മുതലുള്ള അത്യദ്ധ്വാനത്തിനുശേഷം പാലുമായി സൊസൈറ്റിയിലെത്തുമ്പോൾ കന്നുകാലി കർഷകന് കിട്ടുന്നത് തുച്ഛമായ വില. ഒരു ലിറ്റർ പാൽ ഉദ്പാദിപ്പിക്കുന്നതിന് 45 രൂപയെങ്കിലും ചെലവുണ്ട്. എന്നാൽ സൊസൈറ്റി കർഷകന് കൊടുക്കുന്നത് 33 രൂപയാണ് . കർഷകന്റെ കൺമുന്നിൽ വച്ചുതന്നെ സൊസൈറ്റി 50 രൂപയ്ക്ക് അതു വിൽക്കും.

തീറ്റച്ചെലവ് വർദ്ധിച്ചതോടെ പലരുടെയും തൊഴുത്തുകളിൽ ഇപ്പോൾ അധികം പശുക്കളില്ല. നന്നായി തീറ്റ കൊടുത്താൽ മാത്രമെ കൂടുതൽ കൊഴുപ്പുള്ള പാൽ ലഭിക്കൂ. ശരാശരി 10 ലിറ്റർ പാൽ തരുന്ന പശുവിന് 10 കിലോയോളം കാലിത്തീറ്റ നൽകണം. കൂടുതൽ പാൽ ലഭിക്കുന്ന ജെഴ്‌സി, എച്ച്.എസ് ഇനത്തിലുള്ള പശുക്കളെയാണ് കർഷകർ ഇക്കാലത്ത് കൂടുതലും വളർത്തുന്നത്. അതുകൊണ്ടുതന്നെ നാടൻ പശുക്കൾക്കുള്ള തീറ്റ മതിയാവില്ല.

പശുക്കൾക്ക് ഉണ്ടാകുന്ന രോഗവും മരുന്നുകളുടെ ഉയർന്ന വിലയുമാണ് മറ്റൊരു പ്രതിസന്ധി. അകിട് വീക്കം, കുളമ്പ് രോഗം എന്നിവയാണ് പ്രധാന ആരോഗ്യപ്രശ്‌നങ്ങൾ. പുതുതായി ഉണ്ടാകുന്ന കന്നുകുട്ടികൾക്ക് മുട്ടിന് നീരും വ്യാപകമായി കണ്ടുവരുന്നു. മരുന്നിനും വെറ്ററിനറി ഡോക്ടർമാർ ചികിത്സായ്ക്കായി എത്തുന്നതിനും വാഹന കൂലിയും മറ്റുമായി വേണ്ടി വരുന്നത് 7000 രൂപയോളമാണ്. മരുന്നുകൾ ഭൂരിഭാഗവും സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നു വാങ്ങേണ്ടിയും വരുന്നു. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് മായം കലർത്തിയ പാൽ കൊണ്ടുവരുന്നതും കേരളത്തിലെ കർഷകരെ ബാധിക്കുന്നു.

ക്ഷീരകർഷകനായ ബിജുമോൻ കുര്യൻ വെള്ളൂർ പറയുന്നു.

40 വർഷമായി പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത്. ഉയർന്ന വിലയ്ക്ക് കാലിത്തീറ്റ വാങ്ങി നൽകി പശുക്കളെ പരിപാലിക്കുകയെന്നത് അസാദ്ധ്യമായിരിക്കുന്നു. നാല് രൂപ സബ്‌സിഡി ലഭിക്കുമെന്ന് പറഞ്ഞതും കിട്ടുന്നില്ല. നിലവിലെ സ്ഥിതിയിൽ ലിറ്ററിന് 50 രൂപയിലധികം ലഭിച്ചാലേ ചെറുകിട കർഷകർക്ക് പിടിച്ചു നിൽക്കാൻ സാധിക്കൂ.