വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിനെ മർദ്ദിച്ചതായി പരാതി
വെള്ളനാട്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിനെ ഗ്രാമ പഞ്ചായത്തംഗം മർദ്ദിച്ചതായി പരാതി. പ്രസിഡന്റ് രാജലക്ഷ്മിയാണ് തന്നെ ടൗൺ വാർഡ് മെമ്പർ കൃഷ്ണകുമാർ മർദ്ദിച്ചതായി ആര്യനാട് പൊലീസിൽ പരാതി നൽകിയത്. പ്രസിഡന്റ് വെള്ളനാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെ 10.30 തോടെ പഞ്ചായത്ത് ഓഫീസിലേക്ക് വരുമ്പോൾ ലൈബ്രറി ഹാളിന് മുന്നിൽ വച്ച് ഗ്രാമ പഞ്ചായത്തംഗം അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യുകയായിരുന്നു എന്ന് പ്രസിഡന്റ് രാജലക്ഷ്മി പറയുന്നു. പഞ്ചായത്തിലെ ടൗൺ വാർഡിൽ വെള്ളനാട് ജംഗ്ഷന് സമീപം വർഷങ്ങൾക്ക് മുൻപ് പൊളിച്ചുനീക്കിയ കൃഷിഭവൻ ഇരുന്നയിടത്ത് പുതിയഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ കഴിഞ്ഞ ഭരണസമിതി തീരുമാനമെടുത്തിരുന്നു. തുടർന്ന് ഇപ്പോഴുള്ള ഭരണസമിതി പുതിയ കമ്മിറ്റി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനിരിക്കെ ടൗൺ വാർഡ് മെമ്പർ എതിർത്തു. ഇതേ തുടർന്ന് പഞ്ചായത്ത് ഹൈക്കോടതിയെ സമീച്ച് കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെ നിർമ്മാണം നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇതിനെച്ചൊല്ലിയാണ് വാർഡ് അംഗം നടുറോഡിൽ വച്ച് മർദ്ദിച്ചതെന്ന് പ്രസിഡന്റ് ആരോപിച്ചു.
അതേസമയം വർഷങ്ങളായി വെള്ളനാട്ടെ യുവാക്കൾ വോളിബോൾ കളിക്കുന്ന സ്ഥലം കോടതി ഉത്തരവിന്റെ മറവിൽ പഞ്ചായത്ത് നിർമ്മാണം നടത്താനാണ് ശ്രമിച്ചത്. ഇത് ചോദ്യം ചെയ്തതാണ് മർദ്ദിച്ചതെന്ന് കാണിച്ച് ആര്യനാട് പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്നുമാണ് വാർഡ്മെമ്പർ എസ്. കൃഷ്ണകുമാർ പറഞ്ഞു.