വിവാഹ വീട്ടിൽ മോഷണംമുപ്പത് പവൻ സ്വർണം നഷ്ടപ്പെട്ടതായി പരാതി
നാദാപുരം: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. മുപ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. വെള്ളിയോട്ടെ മീത്തലെ നടുവിലെക്കണ്ടി ഹാഷിം കോയ തങ്ങളുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ഇന്നലെയായിരുന്നു ഹാഷിം കോയ തങ്ങളുടെ മകൾ ഹന്ന ഫാത്തിമയുടെ വിവാഹം. വിവാഹ തലേന്ന് വൈകുന്നേരം നാദാപുരത്തെ വരന്റെ വീട്ടിൽ നീക്കാഹ് നടന്ന ശേഷം രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ ബന്ധുക്കൾ ആഭരണങ്ങൾ വീട്ടിലെ അലമാരയിൽ തിരികെ വെച്ചു. അലമാര പൂട്ടിയിരുന്നില്ല. രാത്രി ഭക്ഷണം കഴിച്ച ശേഷം തിരിച്ചു വന്ന് നോക്കിയപ്പോഴാണ് ആഭരണം കാണാത്ത വിവരം അറിയുന്നത്. വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.