അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മന്ത്രി കെ. രാധാകൃഷ്ണൻ

Monday 29 August 2022 3:18 AM IST

തിരുവനന്തപുരം: രാജ്യത്ത് അതിദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. 159-ാമത് അയ്യങ്കാളി ജയന്തി ദിനാഘോഷം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള കണക്കെടുപ്പ് നടക്കുമ്പോൾ കേരളം മാതൃകയാണ്. പല സംസ്ഥാനങ്ങളിലും അതിദരിദ്രർ 52ഉം 45ഉം ശതമാനമാണെന്നിരിക്കെ കേരളത്തിൽ അത് കേവലം 0.7 ശതമാനം മാത്രമാണ്. 14ാം പഞ്ചവത്സര പദ്ധതിയോടെ അതിദരിദ്രരായ മുഴുവൻ ആളുകളുടെയും ദാരിദ്രം ഇല്ലതാക്കി അവരെ പൊതുസമൂഹത്തോടൊപ്പം ഉയർത്തിയെടുക്കുന്നതിനുളള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പുഷ്പാർച്ചന നടത്തി. തുടർന്നുനടന്ന സമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, എസ്.സി- എസ്.ടി കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി, പട്ടികജാതി വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ വി. സജീവ് തുടങ്ങിയവർ പങ്കെടുത്തു.