തായ്‌‌വാൻ കടലിടുക്കിൽ യു.എസ് യുദ്ധക്കപ്പലുകൾ

Monday 29 August 2022 5:24 AM IST

ന്യൂയോർക്ക് : ചൈനീസ് പ്രകോപനം തുടരുന്നതിനിടെ തായ്‌വാൻ കടലിടുക്കിലൂടെ സഞ്ചരിച്ച് യു.എസ് നേവിയുടെ രണ്ട് യുദ്ധക്കപ്പലുകൾ. പതിവ് നിരീക്ഷണങ്ങളുടെ ഭാഗമായാണ് കപ്പലുകൾ കടലിടുക്കിലെത്തിയതെന്നാണ് യു.എസിന്റെ പ്രതികരണം.

ഒരു രാജ്യത്തിന്റെയും സമുദ്രാതിർത്തിയിലൂടെ അല്ല കപ്പലിന്റെ സഞ്ചാരപാതയെന്നും യു.എസ് വ്യക്തമാക്കി. തായ്‌വാൻ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിലൂടെ സ്വതന്ത്രവും തുറന്നതുമായ ഇന്തോ - പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിബന്ധത പ്രകടമാക്കുന്നതായും യു.എസ് പ്രതികരിച്ചു.

ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലുകളായ യു.എസ്.എസ് ആന്റീറ്റം, യു.എസ്.എസ് ചാൻസലേഴ്സ്‌വില്ല് എന്നിവയാണ് തായ്‌വാൻ കടലിടുക്കിലെത്തിയ യു.എസ് കപ്പലുകൾ. സമീപ വർഷങ്ങളിൽ യു.എസിന് പുറമേ മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെ കപ്പലുകളും തായ്‌വാൻ കടലിടുക്കിലൂടെ പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു.

യു.എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് ശേഷം ആദ്യമായാണ് യു.എസ് യുദ്ധക്കപ്പൽ തായ്‌വാൻ കടലിടുക്കിലെത്തുന്നത്. കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെന്നും ഏതെങ്കിലും തരത്തിലെ പ്രകോപനമുണ്ടായാൽ അതിനെ നേരിടാൻ സജ്ജമാണെന്നും ചൈനീസ് സൈന്യം വിഷയത്തിൽ പ്രതികരിച്ചു. പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ മേഖലയിൽ വൻതോതതിൽ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വിന്യസിച്ച് ചൈന സൈനികാഭ്യാസം നടത്തിയിരുന്നു.