പാകിസ്ഥാൻ പ്രളയം : മരണം 1,000 കടന്നു

Monday 29 August 2022 5:25 AM IST

കറാച്ചി : പാകിസ്ഥാനിൽ ജൂൺ മുതൽ പെയ്യുന്ന ശക്തമായ മൺസൂൺ മഴയെ തുടർന്നുണ്ടായ പ്രളയങ്ങളിൽ മരിച്ചവരുടെ എണ്ണം 1,​033 ആയതായി രാജ്യത്തെ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ഒരു ദിവസം മാത്രം 119 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ പല ഭാഗത്തും മഴ തുടരുന്നുണ്ട്.

പാകിസ്ഥാൻ പൗരന്മാരിൽ ഏഴിൽ ഒരാളെ പ്രളയം ബാധിച്ചെന്നാണ് കണക്ക്. ഏകദേശം 33 ദശലക്ഷം ജനങ്ങൾ മഴക്കെടുതിയുടെ ദുരിതം നേരിട്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 10 ലക്ഷത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ തകരുകയോ ചെയ്തു. 20 ലക്ഷം ഏക്കറിലധികം കൃഷി ഭൂമി നശിച്ചു. 3,​451 കിലോമീറ്റർ റോഡ് തകർന്നു. 149 പാലങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയി.

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശം വിതയ്ക്കപ്പെട്ടത്. സിന്ധു നദിയും കൈവഴികളും നിറഞ്ഞൊഴുകുകയാണ്. സിന്ധു നദിയിലെ ജലനിരപ്പ് ഇനിയും ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. പ്രതിസന്ധി ഘട്ടം മറികടക്കാൻ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം.

Advertisement
Advertisement