അഫ്ഗാനിലേക്ക് യു.എസ് ഡ്രോണുകൾക്ക് വഴിയൊരുക്കുന്നത് പാകിസ്ഥാൻ : താലിബാൻ

Monday 29 August 2022 5:25 AM IST

കാബൂൾ : അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ യു.എസ് ഡ്രോണുകൾക്ക് വേണ്ടി പാകിസ്ഥാൻ അവരുടെ വ്യോമപാത തുറന്നുകൊടുക്കുന്നായി ആരോപിച്ച് താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് രംഗത്ത്. യു.എസ് ' അധിനിവേശ"ത്തിന്റെ തുടർച്ചയായ കടന്നുകയറ്റങ്ങളായാണ് ഇതിനെ താലിബാൻ വിശേഷിപ്പിച്ചത്.

അൽ ക്വ ഇദ തലവനായ കൊടുംഭീകരൻ അയ്‌മൻ അൽ സവാഹിരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് ഒരു മാസം തികയാനിരിക്കെയാണ് താലിബാന്റെ പരാമർശം. ജൂലായ് 31നാണ് കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ സവാഹിരിയെ യു.എസിന്റെ എം.ക്യൂ - 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച 2 ഹെൽഫയർ ആർ 9 എക്സ് മിസൈലുകൾ ഛിന്നഭിന്നമാക്കിയത്.

യു.എസ് ഡ്രോണുകൾ ഇപ്പോഴും കാബൂളിന് മുകളിലൂടെ പറക്കുന്നത് കാണാമെന്ന് മുജാഹിദ് പറഞ്ഞു. പാകിസ്ഥാനിൽ നിന്നാണ് ഡ്രോണുകൾ അഫ്ഗാനിലേക്ക് കടക്കുന്നതെന്ന് തങ്ങൾക്ക് ലഭിച്ച വിവരങ്ങളിൽ വ്യക്തമാണെന്നും പാകിസ്ഥാൻ ഇത് അനുവദിക്കരുതെന്നും മുജാഹിദ് കൂട്ടിച്ചേർത്തു. അതേ സമയം, പാകിസ്ഥാൻ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. സവാഹിരിയുടെ മരണത്തിന് പിന്നാലെ ഡ്രോൺ തങ്ങളുടെ രാജ്യത്ത് നിന്നാണ് പറന്നതെന്ന ആരോപണം പാകിസ്ഥാൻ നിഷേധിച്ചിരുന്നു.

ഡ്രോണുകളെ വിന്യസിക്കുന്നതിലൂടെ ഇപ്പോഴും അഫ്ഗാനിലേക്കും അഫ്ഗാന്റെ വ്യോമാതിർത്തിയിലേക്കും അമേരിക്ക നടത്തുന്ന വ്യക്തമായ അധിനിവേശമാണ് പ്രകടമാകുന്നതെന്നും നിയമവിരുദ്ധമായ ഈ നടപടിയെ അപലപിക്കുന്നതായും മുജാഹിദ് വ്യക്തമാക്കി.

Advertisement
Advertisement