നിറയെ യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ മുട്ടനടി, ഒടുവിൽ സംഭവിച്ചത്

Monday 29 August 2022 10:55 AM IST

പാരീസ്: നിറയെ യാത്രക്കാരുമായി പറന്നുപൊങ്ങിയ എയർ ഫ്രാൻസ് വിമാനത്തിന്റെ കോക്ക്പിറ്റിൽ തമ്മിൽതല്ല് നടത്തിയ രണ്ട് പൈലറ്റുമാരെ അധികൃതർ സസ്പെൻഡുചെയ്തു. എയർ ഫ്രാൻസ് ആണ് ഇരുവർക്കുമെതിരെ നടപടി എടുത്തത്. ഇക്കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

ജനീവയിൽ നിന്ന് പാരീസിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റുമാർ ഏറ്റുമുട്ടിയത്. സുരക്ഷപോലും മറന്ന് കോളറിൽ പിടിത്തവും മുഖത്തടിയുമായി സംഘട്ടനം പരിധിവിടുമെന്ന് മനസിലായതോടെ മറ്റുജീവനക്കാർ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയായിരുന്നു. നിസാര കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. കടുത്ത സുരക്ഷാ ലംഘനമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വ്യക്തമായതോടെ രണ്ട് പൈലറ്റുമാരെയും ജോലിയിൽ നിന്ന് മാറ്റി നിറുത്തുകയായിരുന്നു.

2018 ൽ വിമാനത്തിൽ തമ്മിൽത്തല്ല് നടത്തിയ രണ്ട് മുതിർന്ന പൈലറ്റുമാരെ ജെറ്റ് എയർവേസ് പിരിച്ചുവിട്ടിരുന്നു. ലണ്ടനിൽ നിന്നും മുംബയിലേക്കുള്ള വിമാനം വിമാനം ഇറാൻ-പാകിസ്ഥാൻ മേഖലയിലൂടെ പറക്കുമ്പോഴായിരുന്നു ഏറ്റുമുട്ടൽ. പൈലറ്റ് ഒപ്പമുണ്ടായിരുന്ന വനിതാ പൈലറ്റിനെ തല്ലിയെന്നായിരുന്നു ആരോപണം.