നായകളെ ആര് പിടികൂടാൻ: എ.ബി.സി.... വെല്ലുവിളി

Monday 29 August 2022 9:35 PM IST
എ.ബി.സി

കണ്ണൂർ:പേവിഷബാധ നിരന്തരമുണ്ടാകുന്ന സാഹചര്യത്തിൽ ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി വിപുലമാക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നായകളെ പിടികൂടാൻ ആളെ കിട്ടാത്തത് തിരിച്ചടിയാകുന്നു.ജില്ലയിലെ തെരുവുനായകളെ വന്ധ്യംകരണത്തിന് പിടികൂടാനായി തദ്ദേശീയരെ ലഭിക്കാതായപ്പോൾ നേപ്പാളിൽനിന്നാണ് നായപിടുത്തക്കാരെത്തിച്ചിരുന്നത്. നിലവിൽ ഇവരെയും കിട്ടാനില്ല.

കൊവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയ ഇവരെ ഏറെ നിർബന്ധിച്ചാണ് കഴിഞ്ഞവർഷം ജില്ലയിലെത്തിച്ചത്. 17,000 രൂപ ശമ്പളം നൽകി ആറുപേരെയാണ് ജില്ല പഞ്ചായത്ത് നിയമിച്ചത്.എന്നാൽ നിലവിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം പെരുകി വരുമ്പോൾ പട്ടിപിടുത്തക്കാരെ കിട്ടാത്ത സ്ഥിതിയാണ്.

പോയ വർഷം വന്ധ്യംകരിച്ചത് 1703 നായകളെ

കഴിഞ്ഞ വർഷം ജില്ലയിൽ 1703 നായകളെയാണ് വന്ധ്യംകിരച്ചത് .പട്ടിപിടിക്കാൻ ആളില്ലാത്തതിനാൽ ഈ വർഷം പദ്ധതി തുടങ്ങിയില്ല. ഓരോ പ്രദേശത്തെയും നായകളുടെ എണ്ണത്തിനനുസരിച്ച് രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണമെന്ന നിലയിൽ ഓപ്പറേഷൻ തിയേ​റ്റർ, നായകളെ പാർപ്പിക്കാനുള്ള കേന്ദ്രം എന്നിവ ഒരുക്കണമെന്നാണ് സർക്കാറിന്റെ പുതിയ നിർദേശം. നഗരസഭകൾക്ക് സമീപ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിക്കാമെങ്കിലും കോർപറേഷൻ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കണം. ബ്ലോക്ക് തല മെഡിക്കൽ സംഘത്തിലെ നായപിടുത്തക്കാരന് കുനൂരിലെ വേൾഡ് വെ​റ്റിനറി സർവീസ് സെന്ററിലെത്തിച്ച് പരിശീലനം നൽകണമെന്ന് പറയുന്നുണ്ടെങ്കിലും ആവശ്യത്തിന് ആളുകളെ ലഭിക്കാത്തത് തിരിച്ചടിയാവും.

നിലവിൽ ജില്ലയിൽ പാപ്പിനിശ്ശേരിയിൽ മാത്രമാണ് വന്ധ്യംകരണകേന്ദ്രമുള്ളത്. പടിയൂരിൽ ഇതിനായി പ്രത്യേകം ആശുപത്രി ഒരുങ്ങുന്നുണ്ടെങ്കിലും നായ പിടുത്തക്കാരെ ലഭിക്കാത്തതിനാൽ പ്രവർത്തനം വൈകുകയാണ്.

പ്രത്യേകം മെഡിക്കൽ സംഘം

തെരുവുനായ വന്ധ്യംകരണത്തിന് ഇനി ബ്ലോക്ക് തലത്തിൽ പ്രത്യേകം മെഡിക്കൽ സംഘത്തെ ഒരുക്കും. വെ​റ്റിനറി സർജൻ, നാല് മൃഗപരിപാലകർ, തിയേ​റ്റർ സഹായി, ശുചീകരണ സഹായി, നായ പിടുത്തക്കാരൻ എന്നിവർ അടങ്ങുന്നതാണ് മെഡിക്കൽസംഘം. പേവിഷ ബാധയേ​റ്റുള്ള മരണം വർദ്ധിച്ച സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് എ.ബി.സി വികേന്ദ്രീകൃതാസൂത്രണ കോ-ഓഡിനേഷൻ കമ്മി​റ്റി കഴിഞ്ഞ ദിവസം പ്രത്യേകം മെഡിക്കൽ സംഘം രൂപീകരിക്കാനുള്ള ഉത്തരവിറക്കിയത്. പേവിഷ നിർമാർജന ബോധവൽകരണ കാമ്പയിൻ സംഘടിപ്പിക്കാൻ സാമൂഹിക പ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും പരിശീലനം നൽകാനും തീരുമാനമായി.

എ.ബി.സി എന്നാൽ

പിടികൂടുന്ന നായകളെ ബ്ലോക്ക് തലത്തിലെ എ.ബി.സി സെന്ററിലെത്തിച്ച് ശസ്ത്രക്രിയ നടത്തി തുടർ ചികിത്സയും നൽകി പൂർണ ആരോഗ്യം ഉറപ്പാക്കി പഴയസ്ഥലത്ത് തന്നെ തിരികെവിടാനാണ് പദ്ധതി. പൊതുവിഭാഗ വികസനഫണ്ടും തനത് ഫണ്ടും ഉപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ എ.ബി.സി പദ്ധതി നടപ്പാക്കുന്നത്.

Advertisement
Advertisement