ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് വിവാഹം ബാലാവകാശ കമ്മിഷൻ സുപ്രീംകോടതിയിൽ

Tuesday 30 August 2022 12:00 AM IST

ന്യൂഡൽഹി: ഋതുമതിയാണെങ്കിൽ 18 വയസ് തികയും മുമ്പ് മുസ്ലിം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചു. 18 വയസ് തികയാത്തവരെ പോക്സോ നിയമത്തിൽ കുട്ടികൾ എന്നാണ് നിർവചിച്ചിട്ടുള്ളതെന്നും 18 തികയാത്ത പെൺകുട്ടികൾ വിവാഹം കഴിക്കുന്നത് പോക്സോ നിയമലംഘനമാണെന്നും ഹർജിയിൽ പറയുന്നു. പ്രായപൂർത്തിയാകാതെ വിവാഹം കഴിക്കുന്നവർക്ക് ഒരു പരിരക്ഷയും പോക്സോ നിയമത്തിലില്ല. അത് കൊണ്ട് 18 വയസ് പൂർത്തിയാകാത്ത മുസ്ലിം പെൺകുട്ടിയെ വിവാഹം ചെയ്യുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം നിയമ നടപടി സ്വീകരിക്കണം. അഭിഭാഷകയായ സ്വരുപമ ചതുർവേദിയാണ് കമ്മിഷന് വേണ്ടി ഹാജരായത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങൾക്കെതിരാണ് കോടതി വിധിയെന്ന് കമ്മിഷൻ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വ്യത്യസ്ത വിധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടിക്ക് 16 വയസ്സ് കഴിഞ്ഞാൽ മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. മുഹമ്മദൻസ് ലാ അനുസരിച്ച് ഋതുമതിയായ കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Advertisement
Advertisement