റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിയെടുത്ത കുഞ്ഞ് ബി.ജെ.പി കൗൺസിലറുടെ വീട്ടിൽ

Tuesday 30 August 2022 12:05 AM IST

ലക‌്നൗ: ഉത്തർപ്രദേശിലെ മഥുര ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന ഏഴു മാസം പ്രായമുള്ള ആൺ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. കണ്ടെത്തിയത് നൂറ് കിലോമീറ്റർ അകലെ ഫിറോസാബാദിൽ കോർപ്പറേഷൻ കൗൺസിലറും ബി.ജെ.പി നേതാവുമായ വിനീത അഗർവാളിന്റെ വീട്ടിൽ. ഇവർ 1.8 ലക്ഷം രൂപയ്ക്ക് രണ്ടു ഡോക്ടർമാരിൽ നിന്ന് കുഞ്ഞിനെ വാങ്ങിയെന്നാണ് പറയപ്പെടുന്നത്. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഈ ഡോക്ടർമാർ. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി വില്പന നടത്തിയ ദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൗൺസിലർക്ക് ഒരു മകളുണ്ട്. ഒരു ആൺ കുഞ്ഞിനെക്കൂടി വേണമെന്ന ആഗ്രഹത്തിലാണ് ഭർത്താവുമായി ആലോചിച്ച് കുഞ്ഞിനെ വാങ്ങിയതെന്ന് വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 24ന് പ്ലാറ്റ്‌ഫോമിൽ നിന്ന് ഒരാൾ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. കുഞ്ഞിനെ എടുത്ത ദീപ് കുമാർ അടക്കം തട്ടിക്കൊണ്ടു പോകൽ സംഘത്തിലെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. പിടിയിലായ ഡോക്ടർമാരിൽ നിന്ന് പൊലീസ് പണം കണ്ടെടുത്തു.

Advertisement
Advertisement