ലവ് ദ ലേക് കാമ്പയിൻ പോസ്റ്റർ പ്രകാശനം

Tuesday 30 August 2022 12:55 AM IST
ലവ് ദ ലേക് കാമ്പയിൻ

ആലപ്പുഴ: നെഹ്രുട്രോഫി ജലമേള ഹരിത ചട്ടം പാലിച്ചു നടപ്പാക്കുന്നതു സംബന്ധിച്ച് ശുചിത്വമിഷനും ആലപ്പുഴ നഗരസഭയും ചേർന്ന് നടപ്പാക്കുന്ന ലവ് ദ ലേക് കാമ്പയിന്റെ പോസ്റ്റർ കളക്ടർ വി.ആർ. കൃഷ്ണ തേജ പ്രകാശനം ചെയ്തു. ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എ.ഷാനവാസ്, കെ. ബാബു, കൗൺസിലർ എം.ആർ.പ്രേം, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.വി.ജയകുമാരി, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞ് ആശാൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ജയകൃഷ്ണനാആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്.

വള്ളംകളി പ്രദേശം ഗ്രീൻ സോൺ

വള്ളംകളി നടക്കുന്ന പ്രദേശം പൂർണ്ണമായും ഗ്രീൻ സോൺ ആയിരിക്കും. ജില്ലാ ശുചിത്വമിഷനും നഗരസഭയും ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബോട്ടിൽ കളക്ഷൻ ബൂത്തിൽ നിന്നും 10 രൂപ നൽകി കൈപ്പറ്റുന്ന സ്റ്റിക്കർ പതിപ്പിച്ച വെള്ളക്കുപ്പികൾ മാത്രമേ വളളംകളി സ്ഥലത്തേക്ക് കൊണ്ടുപോകുവാൻ അനുവദിക്കൂ. സ്റ്റിക്കറോടുകൂടിയ കാലിക്കുപ്പികൾ കളക്ഷൻ ബൂത്തിൽ തിരികെ ഏൽപ്പിച്ചാൽ അടച്ച തുക തിരികെ നൽകും. ഡിസ്‌പോസിബിൾ പാത്രങ്ങൾ, കപ്പുകൾ എന്നിവ ഉപയോഗിച്ചുളള കച്ചവടങ്ങൾ അനുവദിക്കില്ല. ജൈവ,അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ബിന്നുകൾ സജ്ജീകരിക്കും.ഹരിതചട്ട പാലനത്തിനായി എൻ.എസ്.എസ് വോളണ്ടിയർമാർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, ഹരിതകർമ്മസേന എന്നിവർ ഉൾപ്പെടെ 200 വാളണ്ടിയർമാരുടെ സേവനമുണ്ടാകും.

എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം

നെഹ്രു ട്രോഫി വള്ളംകളിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന് കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേരും. വൈകിട്ട് 3.30ന് നടക്കുന്ന യോഗത്തിൽ എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് സബ് കളക്ടർ സൂരജ് ഷാജി അറിയിച്ചു.

Advertisement
Advertisement