ദേശീയപാതയുടെ പണിക്കുറ്റം തീരുമോ? വഴിതെളിക്കാൻ അടിയന്തരയോഗം

Tuesday 30 August 2022 12:48 AM IST
തൃശൂർ-പാലക്കാട് ദേശീയ പാതയെക്കുറിച്ചുളള കേരളകൗമുദിറിപ്പോർട്ട്

തൃശൂർ: തൃശൂർ - പാലക്കാട് ദേശീയ പാത 566ൽ വടക്കഞ്ചേരി വരെയുളള നിർമ്മാണം മുടന്തുന്നതും ടോൾ പ്‌ളാസയിലെ അനാസ്ഥകളും വൻപ്രതിഷേധത്തിന് വഴിയൊരുക്കിയതോടെ പ്രശ്‌നപരിഹാരത്തിന് അടിയന്തരയോഗം ചേരുന്നു. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിലാണ് ചർച്ച. അടിപ്പാതയുടെയും സർവീസ് റോഡുകളുടെയും പ്രശ്‌നങ്ങളും ടോൾപ്ലാസയെ ചൊല്ലിയുള്ള ആക്ഷേപങ്ങളും മുഖ്യചർച്ചാവിഷയമാകും. ഇന്ന് രണ്ടിന് അയ്യന്തോളിലെ എം.പി ഓഫീസിൽ നടക്കുന്ന ചർച്ചയിൽ വിവിധ പ്രദേശങ്ങളിലെ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.

മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണകരാർ ഒപ്പു വച്ചിട്ട് കഴിഞ്ഞ 24ന് 13 വർഷം പിന്നിട്ടിട്ടും പത്തുവർഷം മുൻപ് പൂർത്തിയാകേണ്ട പ്രവൃത്തികൾ പോലും പൂർത്തിയാക്കാത്തത് പ്രതഷേധത്തിന് ഇടയാക്കിയിരുന്നു. അടിപ്പാതകൾ നിർമ്മിക്കാത്തതിനാൽ മുടിക്കോട് അടക്കമുള്ള ജംഗ്ഷനുകളിൽ അപകടമരണങ്ങളും പതിവായി.

കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനു മുന്നിലെ 300 മീറ്റർ പ്രധാന പാതയുടെ പണി കഴിഞ്ഞിട്ടില്ല. 8 കിലോമീറ്റർ സർവീസ് റോഡും ബസ് ബേകളും ട്രക്ക് പാർക്കിംഗ് സെന്ററുകളും നിർമ്മിച്ചിട്ടില്ല. ടണലിൽ 400 മീറ്റർ ഭാഗത്തു മുകൾ വശത്തെ കോൺക്രീറ്റിംഗും അഴുക്കുചാലുകളുടെ മുകളിൽ സ്ലാബ് ഇടലും കഴിഞ്ഞിട്ടില്ല. സുരക്ഷാവേലികളും തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. വഴുക്കുംപാറ മേൽപാത, മുളയം റോഡ്, മുടിക്കോട്ട്, കല്ലിടുക്ക് എന്നിവിടങ്ങളിലെ അടിപ്പാതയുടെ പണിയും തുടങ്ങിയിട്ടില്ല.

  • ടോൾ പിരിവ് മുറപോലെ

പ്രധാന ജോലികൾ ബാക്കിയാണെങ്കിലും കഴിഞ്ഞ മേയ് ഒമ്പതിന് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കാൻ തുടങ്ങിയതോടെ പ്രതിഷേധം ശക്തമായിരുന്നു. ടോൾ പിരിവ് തുടങ്ങി 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ജോലികളും മുടങ്ങിക്കിടക്കുകയാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടങ്ങളും കൂടി.
2009 ആഗസ്റ്റ് 24നാണ് ദേശീയപാത അതോറിറ്റിയും തൃശൂർ എക്‌സ്പ്രസ് വേ എന്ന കരാർ കമ്പനിയുമായി കേരളത്തിലെ ആദ്യത്തെ 6 വരി ദേശീയപാത നിർമാണത്തിന് കരാർ ഒപ്പുവച്ചത്. 28.5 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് 30 മാസമാണ് അനുവദിച്ചിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് പൂർത്തിയായത് നാലുവർഷം കഴിഞ്ഞായിരുന്നു.

ഇതിനായി കേന്ദ്രം അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതു മുതൽക്കാണ് നിർമ്മാണം വൈകുന്നത്. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനവുമെല്ലാം പണി മുടക്കി. 2009ൽ കുതിരാനിൽ ഒരു കിലോമീറ്ററോളം ടണൽ നിർമാണം തുടങ്ങിയെങ്കിലും പലതവണ മുടങ്ങി. കഴിഞ്ഞ വർഷമാണ് 90 ശതമാനം പണികൾ കഴിഞ്ഞത്.

പാർലമെന്റ് സമ്മേളനം നടന്ന കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെ എം.പിമാരുമായി കേരളത്തിലെ ദേശീയപാത പ്രശ്‌നങ്ങൾ ത്രേ്യകം ചർച്ച ചെയ്തിരുന്നു. അതിന്റെ തുടർചർച്ചയായാണ് പ്രോജക്ട് മാനേജരുമായുള്ള ചർച്ച.

- ടി.എൻ. പ്രതാപൻ എം.പി.

Advertisement
Advertisement