എം.വി. ഗോവിന്ദൻ പാർട്ടിയെ നയിക്കുമ്പോൾ

Tuesday 30 August 2022 1:57 AM IST

തികച്ചും അപ്രതീക്ഷിതമായ സമയത്താണ് സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തദ്ദേശ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ ചുമതലയേറ്റത്. ആരോഗ്യം അനുവദിച്ചിരുന്നെങ്കിൽ അടുത്ത രണ്ടര വർഷക്കാലത്തേക്ക് കോടിയേരി ബാലകൃഷ്ണന് മറ്റൊരു പകരക്കാരനെ ആലോചിക്കേണ്ടിപോലും വരില്ലായിരുന്നു. എന്നാൽ പലപ്പോഴും രാഷ്ട്രീയത്തിൽ യാദൃച്ഛികമായി ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളാണ് ഭാവിയിൽ വലിയ വഴിത്തിരിവുകൾക്ക് ഇടയാക്കുന്നത്. കോടിയേരിയെപ്പോലെ തന്നെ ജനങ്ങളെ കണ്ടാൽ ചിരിക്കുന്ന ഒരു നേതാവാണ് എം.വി. ഗോവിന്ദൻ എന്നത് പാർട്ടിക്കാരല്ലാത്തവരെ സംബന്ധിച്ച് പോലും വലിയ ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ഹൃദ്യമായ ചിരി ഇരുവർക്കുമുണ്ടെങ്കിലും ഇരു നേതാക്കന്മാരുടെയും രാഷ്ട്രീയ ശൈലിയിൽ വ്യത്യാസമുണ്ട്. പ്രായോഗികമായി കാര്യങ്ങളെ സമീപിക്കണമെന്ന് വിശ്വസിക്കുമ്പോഴും പാർട്ടിയുടെ പ്രഖ്യാപിത താത്വിക അടിത്തറയിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറാകുന്ന നേതാവല്ല എം.വി. ഗോവിന്ദൻ. പാർട്ടിയുടെ താത്വികാദർശങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് പാർട്ടിയുടെ ആരോഗ്യം ക്ഷയിക്കുന്നതെന്ന തത്വം ചെറുപ്രായത്തിലേ പാർട്ടി ക്ളാസുകളിൽ നിശ്ചയദാർഢ്യവും നീതിബോധവുമുള്ള നേതാക്കന്മാരിൽ നിന്ന് പഠിച്ചത് സ്വന്തം ജീവിതത്തിലും ചുമതലകളിലും പകർത്തുന്ന ഒരു രീതിയാണ് ഇക്കാലമത്രയും എം.വി. ഗോവിന്ദൻ തുടർന്നുവന്നിട്ടുള്ളത്. സംഘടനാപരമായും ഭരണഘടനാപരമായുമുള്ള വിവിധ പദവികൾ വഹിക്കുമ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരനിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന ധാർമ്മികത പുലർത്താത്ത ഒരു പ്രവൃത്തിപോലും എം.വി. ഗോവിന്ദനിൽ നിന്ന് ഉണ്ടായിട്ടില്ല . ജനപക്ഷത്ത് നിൽക്കുന്ന തദ്ദേശമന്ത്രി എന്ന പേര് കേൾപ്പിച്ചശേഷമാണ് അദ്ദേഹം പാർട്ടി സെക്രട്ടറിയായി മാറുന്നത്. ജനങ്ങൾ അണിചേരുന്ന ഏതു പാർട്ടിയിലും അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടാകും. അത്തരം പ്രശ്നങ്ങളല്ലാതെ പറയത്തക്ക വിഭാഗീയതയെന്നും സി.പി.എമ്മിൽ ഇപ്പോഴില്ല. അത് മനസിലാക്കിക്കൊണ്ടാവും സംസ്ഥാന സെക്രട്ടറി സ്ഥാനം വലിയ വെല്ലുവിളിയല്ല എന്ന് അദ്ദേഹം പ്രതികരിച്ചത്. അതേസമയം രണ്ടാം പിണറായി സർക്കാർ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഒരു ആക്ഷേപം പലരും ഉയർത്തുന്നുണ്ട്. മന്ത്രിസഭയുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ചൂണ്ടുപലകയായി പ്രവൃത്തിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയുടെ കർത്തവ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരു ഭേദപ്പെട്ട വെല്ലുവിളി തന്നെയാണ്. ഒപ്പം 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കേരളത്തിലെ എം.പിമാരുടെ എണ്ണം കൂട്ടേണ്ടതിന്റെ വെല്ലുവിളിയും എം.വി. ഗോവിന്ദനെ കാത്തിരിപ്പുണ്ട്.

കോടിയേരിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരക്കിട്ട് ചേർന്ന നേതൃയോഗങ്ങൾ ഏകകണ്ഠമായാണ് ഗോവിന്ദനെ നിശ്ചയിച്ചത്. കണ്ണൂർ മൊറാഴ സ്വദേശിയായ അദ്ദേഹം ഒരു സാധാരണ കുടുംബത്തിൽ നിന്ന് പട്ടിണിയും പരിവട്ടവും അനുഭവിച്ച് സമരങ്ങളിലൂടെ പടിപടിയായി പാർട്ടിയിൽ ഉയർന്നുവന്ന നേതാവാണ്. അതിനാൽ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന ഒരു പ്രവർത്തന രീതി തന്നെയാകും എം.വി. ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പുലർത്തുക. സംഘർഷത്തിന്റെ അന്തരീക്ഷം പല സംഭവങ്ങളുടെയും പേരിൽ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ കൂടിയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റിരിക്കുന്നത്. സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അന്തരീക്ഷം സംജാതമാക്കുന്നതിന് വേണ്ട പ്രസ്താവനകളും നടപടികളും അദ്ദേഹത്തിൽ നിന്ന് ഉണ്ടാകാതിരിക്കില്ല. ആദർശശാലിയായ എം.വി. ഗോവിന്ദന്റെ നേതൃത്വത്തിന് കീഴിൽ പാർട്ടി കൂടുതൽ ശക്തിയാർജ്ജിച്ച് മുന്നോട്ടുപോകുമന്ന് നിസംശയം പ്രതീക്ഷിക്കാം. പാർട്ടിയും എം.വി. ഗോവിന്ദനിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതു തന്നെയാകും.

Advertisement
Advertisement