550 കോടി​ മുടക്കി​യി​ട്ടും ജലപാത പാതി​വഴി​

Tuesday 30 August 2022 2:04 AM IST

ദേശീയജലപാതയിലെ ബാർജ് അടുക്കാനുള്ള ടെർമിനൽ

തെക്ക് വിഴിഞ്ഞം മുതൽ വടക്ക് ബേക്കൽ വരെ 620 കിലോമീറ്റർ നീളുന്ന ഉൾനാടൻ ജലപാതയുടെ വിപുലമായ ശൃംഖല. അതിൽ 205 കിലോമീറ്റർ ദേശീയജലപാത. കൊച്ചി, നിർമ്മാണം പൂർത്തിയാകുന്ന വിഴിഞ്ഞം എന്നീ മേജർ ഉൾപ്പെടെ 20 തുറമുഖങ്ങൾ. ദേശീയജലപാത വികസിപ്പിക്കാൻ ഇതുവരെ കേന്ദ്രസർക്കാർ മുടക്കിയത് 250 കോടി രൂപ. സംസ്ഥാന സർക്കാർ മുടക്കിയത് 300 കോടി രൂപ. ദേശീയജലപാതയുടെ വികസനം പൂർത്തിയായി 14 വർഷം പിന്നിട്ടിട്ടും ഇതുവഴി വൻതോതിൽ ചരക്കുനീക്കമെന്ന ലക്ഷ്യവും സ്വപ്നവും സഫലമാകുന്നില്ല.

സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അതീവ താത്‌പര്യമുള്ള ജലപാതയിൽ 6,000 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തും മലബാറിലും 2,500 കോടി രൂപ കിഫ്ബി അനുവദിച്ചു. നിർമ്മാണജോലികൾ തുടരുകയാണ്. പുതിയ കൃത്രിമക്കനാലുകൾ ഉൾപ്പെടെ വികസിപ്പിക്കുന്നതിന് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്.

കൊല്ലം മുതൽ തൃശൂർ ജില്ലയിലെ കോട്ടപ്പുറം വരെ ദേശീയജലപാത വികസിപ്പിച്ച നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി കോട്ടപ്പുറം മുതൽ കോഴിക്കോട് ജില്ലയിലെ കല്ലായിവരെ പാത ദീർഘിപ്പിക്കുന്ന വിജ്ഞാപനം 2016ൽ പുറപ്പെടുവിച്ചെങ്കിലും തുടർനടപടികൾ മരവിപ്പിച്ചു. നിർമ്മിച്ച ജലപാത പ്രയോജനപ്രദമാക്കാത്തതിനാലാണ് കേന്ദ്ര കപ്പൽഗതാഗത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി കോഴിക്കോട് പാതയുടെ വികസനത്തിൽ നിന്ന് പിന്നാക്കം പോകുന്നത്. അനുയോജ്യമായ സാഹചര്യം വന്നിട്ടുമതി വികസനമെന്നാണ് അതോറിറ്റിയുടെ നിലപാട്. സ്വന്തം നിലയിൽ ജലപാതകൾ വികസിപ്പിക്കാനുള്ള തീരുമാനവുമായി മുന്നേറുകയാണ് സംസ്ഥാന സർക്കാർ.

ദേശീയജലപാത വികസിപ്പിച്ചെങ്കിലും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതിന് കാരണങ്ങൾ നിരവധിയാണ്. നിയമതടസങ്ങൾ, ജലപാതയിലെ ചില സാങ്കേതികപ്രശ്നങ്ങൾ, റോഡുവഴി ചരക്കുനീക്കുന്ന വൻലോബിയുടെ പാരവയ്പ്പ്, ചരക്കുകൾ കൊണ്ടുപോകേണ്ട ബാർജുകൾ കുറവ് എന്നിവ മുതൽ സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലില്ലാ‌യ്‌മ വരെ നിരവധി ഘടകങ്ങൾ വികസനത്തിനും വിനിയോഗത്തിനും വിലങ്ങുതടിയാകുന്നു.

ജലപാതകളുടെ

പ്രാധാന്യം

ചരക്കുനീക്കത്തിന് ബഹുവിധ മാർഗങ്ങളിലൊന്നാണ് ജലമാർഗം. രാജ്യങ്ങൾ തമ്മിലുള്ള ചരക്കുനീക്കത്തിന് കടൽവഴി കപ്പലുകളെ വിനിയോഗിക്കുന്നു. കരയിൽ ദേശീയ സംസ്ഥാനപാതകൾ, ട്രെയിനുകൾ എന്നിവയാണ് മറ്റു പ്രധാന മാർഗങ്ങൾ. കടലും കായലുകളും തോടുകളും ചരക്കുനീക്കത്തിന് പണ്ടുമുതൽ ഉപയോഗിക്കുന്നു. ലോറികൾ സാർവത്രികമാകാത്ത കാലത്ത് ജലാശയങ്ങളിലൂടെ വള്ളങ്ങളിലായിരുന്നു ചരക്കുനീക്കം. കൊച്ചി തുറമുഖത്ത് ആലപ്പുഴയിൽ നിന്ന് കയറും കയറുത്പന്നങ്ങളും കൊല്ലത്തു നിന്ന് കശു അണ്ടിയും കൂറ്റൻ വള്ളങ്ങളിൽ എത്തിച്ചിരുന്നു. തിരിച്ച് മറ്റു ചരക്കുകളും കൊണ്ടുപോയിരുന്നു. കൊച്ചിയിൽ നിന്ന് കൊല്ലം വരെ പെട്രോളിയം ഉത്പന്നങ്ങൾ വരെ ജലമാർഗം എത്തിച്ചിരുന്നതും പിന്നീട് നിലച്ചു.

ആഗോളതലത്തിൽ ജലാശയങ്ങളെ ചരക്കുനീക്കത്തിന് വ്യാപകമായി വിനിയോഗിക്കുന്നുണ്ട്. നോർവേ പോലുള്ള രാജ്യങ്ങൾക്കായി ചരക്കുകൾ കൊണ്ടുപോകാവുന്ന പടുകൂറ്റൻ ബാർജുകൾ കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്തിട്ടുണ്ട്.

ജലഗതാഗതസാദ്ധ്യതകൾ വിനിയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ നാഷണൽ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി രൂപീകരിച്ചത്. ദേശീയപാതകൾ വികസിപ്പിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി നടത്തുന്നതിന് തുല്യമായ പ്രവർത്തനമാണ് ഇൻലാഡ് വാട്ടർവേയ്സ് അതോറിറ്റി നിർവഹിക്കുന്നത്.

 ഇന്ത്യയിൽ 111 ജലപാതകളെ കേന്ദ്ര സർക്കാർ ദേശീയജലപാതകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

 20,275.5 കിലോമീറ്ററാണ് രാജ്യത്തെ ദേശീയജലപാതകളുടെ ആകെ ദൈർഘ്യം.

 കേരളത്തിൽ രണ്ട് ദേശീയജലപാതകൾ.

1: കൊല്ലത്ത് ആരംഭിച്ച് തൃശൂരിലെ കോട്ടപ്പുറം വരെ നീളുന്ന 205 കിലോമീറ്റർ. (കൊച്ചി തുറമുഖം മുതൽ വളം നിർമ്മാണശാലയായ ഫാക്ടിനടുത്ത് പാതാളം വരയെത്തുന്ന ഉദ്യോഗമണ്ഡൽ കനാലും, തുറമുഖം മുതൽ അമ്പലമുകൾ വരെ നീളുന്ന ചമ്പക്കര കനാലുംഇതി​ന്റെ ഭാഗമാണ്).

2: ആലപ്പുഴയിൽ ആരംഭിച്ച് കോട്ടയം വഴി അതിരമ്പുഴ വരെയും ചങ്ങനാശേരി വരെയുമുള്ള ദേശീയജലപാത ഒമ്പത്

ലക്ഷ്യങ്ങൾ, മോഹങ്ങൾ

റോഡ്, ട്രെയിൻ എന്നീ കരമാർഗങ്ങളിലെ ചരക്കുനീക്കത്തേക്കാൾ 40 ശതമാനം വരെ ചെലവ് കുറവാണ് ജലപാതയുടെ ആകർഷണം. മലിനീകരണം കുറവും. റോഡ് വഴിയുള്ള കേരളത്തിലെ ചരക്കുനീക്കത്തിന്റെ 40 ശതമാനം ജലമാർഗമാക്കുകയെന്ന ലക്ഷ്യത്തിലാണ് ജലപാത വികസിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതുവഴി റോഡുകളിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കാമെന്നും പ്രതീക്ഷിച്ചു. ചെറുതുറമുഖങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് തീരദേശം വഴി ചരക്കുനീക്കം നടത്താനും കഴിയും. ചെറുകിട തുറമുഖങ്ങളുടെ വികസനത്തിനും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്നതാണ് ജലപാതയുടെ വികസനം.

കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും ആലപ്പുഴയിൽ നിന്നുമുൾപ്പെടെ കയറ്റുമതി ചരക്കുകൾ ബാർജിലൂടെ ജലമാർഗം കൊച്ചി തുറമുഖത്ത് എത്തിക്കാനും ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ തിരികെ കൊണ്ടുപോകാനും ഉൾപ്പെടെ വിപുലമായ സാദ്ധ്യതകളാണ് ദേശീയജലപാത തുറന്നിടുന്നത്.

വിനോദസഞ്ചാരത്തിന്റെ വിപുലമായ സാദ്ധ്യതകളാണ് പ്രകൃതി അനുഗ്രഹിച്ചു നൽകിയ കേരളത്തി​ന്റെ ജലാശയങ്ങളും നൽകുന്നത്. വിനോദസഞ്ചാര പദ്ധതികളിലൂടെ ഇവയെ ഫലപ്രദമായും വാണിജ്യപരമായി വിനിയോഗിക്കാനും കഴിയും. ആഡംബര ബോട്ടുകൾ, ഹൗസ് ബോട്ടുകൾ, യാത്രാബോട്ടുകൾ എന്നിവയ്ക്ക് ജലപാതകളിൽ സഞ്ചാരികളുമായി യാത്ര ചെയ്യാൻ കഴിയും. ജലപാതകളിലെ ആകർഷകമായ കേന്ദ്രങ്ങളിൽ ടൂറിസം ഗ്രാമങ്ങൾ വികസിപ്പിച്ചും വിപുലമായ സംവിധാനങ്ങൾ ഒരുക്കാം. ജലപാതയിലെമ്പാടും ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനുൾപ്പെടെ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും പൂർത്തിയായ ദേശീയജലപാത കാര്യമായി വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.

നാളെ : 14 വർഷം: ലക്ഷ്യം നേടാനാകാതെ

കൊല്ലം - കോട്ടപ്പുറം ദേശീയജലപാത

Advertisement
Advertisement