കേരള -കർണാടക അതിർത്തിയിൽ എക്സൈസ് സംഘങ്ങൾ ലഹരി കടക്കാതിരിക്കാൻ ജാഗ്രത

Tuesday 30 August 2022 9:55 PM IST
ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ പാലത്തിനു സമീപം കേരളാ കർണ്ണാടക സംസ്ഥാന എക്‌സൈസ് സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധന

ഇരിട്ടി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കേരളാ, കർണ്ണാടകാ അതിർത്തിയിൽ കൂട്ടുപുഴ പാലത്തിന് സമീപം ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്ത വാഹന പരിശോധന നടത്തി.
കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും എം ഡി എം എ പോലുള്ള മയക്ക് മരുന്നുകളും കടത്തുന്നത് തടയുവാനും കർണ്ണാടകത്തിലേക്ക് ലഹരി വസ്തുക്കൾ കൊണ്ട് പോകുന്നത് തടയുവാനുമായിട്ടായിരുന്നു പരിശോധന.

ഇരു ഭാഗങ്ങളിലേക്കും പോവുകയും വരികയും ചെയ്യുന്ന ചെറുതും വലുതുമായ മുഴുവൻ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കി. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സി.ഐ പി. പി.ജനാർദ്ദനൻ, സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ബിജിൽ കുമാർ, ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ സി രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കർണ്ണാടക അതിർത്തിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങളെ പരിശോധിച്ചു. വീരാജ് പോട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് എം. എൻ. നടരാജു, സബ് ഇൻസ്‌പെക്ടർമാരായ മോഹൻ കുമാർ, എച്ച്. സി. ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കർണ്ണാടക എക്‌സൈസ് സംഘം കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്ക് പോകുന്ന വാഹനങ്ങളെയും അതിർത്തിയിൽ പരിശോധിച്ചു.

ഓണ ലഹരി കൂട്ടാൻ സിന്തറ്റിക് മരുന്നുകളും
കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം അതിർത്തി വഴി ബൈക്കുകളിലടക്കം കടത്തി കൊണ്ടുവന്ന എം.ഡി.എം.എ, കഞ്ചാവ്, എൽ എസ് ഡി സ്റ്റാമ്പുകൾ, വിവിധ മയക്കു ഗുളികകൾ തുടങ്ങിയ കടത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് എക്സൈസ് വിഭാഗങ്ങൾ ജാഗ്രത പാലിക്കുന്നത്. അതിർത്തിയിൽ നിരവധി തവണ സിന്തറ്റിക് മയക്കുമരുന്ന് എക്‌സൈസ് സംഘങ്ങളും പോലീസും പിടികൂടിയിരുന്നു. എക്സൈസിന് പുറമെ പൊലീസും ഇവിടെ പരിശോധന കടുപ്പിച്ചിട്ടുണ്ട്.

Advertisement
Advertisement