ഉണർന്നു ഓണവിപണി; മേളത്തിരക്ക്

Tuesday 30 August 2022 10:12 PM IST
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേള

കണ്ണൂർ:അത്തം പിറന്നതോടെ ഓണ തിരക്കിൽ മുങ്ങി നാടും നഗരവും. ഓണത്തോടനുബന്ധിച്ചുള്ള മേളകളും നഗരത്തിൽ സജീവമായി. പൊലീസ് മൈതാനിയിലും ടൗൺ സ്ക്വയറിലുമെല്ലാം ജനങ്ങൾ ധാരാളമായെത്തുന്നുണ്ട്.കൊവിഡിനും പ്രളയത്തിനും ശേഷമെത്തുന്ന ഇത്തവണത്തെ ഓണം വ്യാപാരികൾക്കും വലിയ പ്രതീക്ഷയാണുള്ളത്.സ്കൂൾ അവധി കൂടി എത്തുന്നതോടെ രണ്ട് മുതൽ നഗരത്തിലെ തിരക്ക് ഇനിയും വ‌ർദ്ധിക്കും.

ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലക്ക് ലഭ്യമാക്കുന്നതിന് പൊലീസ് സഭാ ഹാളിൽ നടക്കുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓണം ജില്ല ഫെയറിൽ നല്ല തിരക്കാണ്.അവശ്യസാധനങ്ങൾക്ക് സപ്ലൈകോ സൂപ്പർമാർക്ക​റ്റുകളിൽ ലഭിക്കുന്ന ഓണക്കാല സ്‌പെഷ്യൽ സബ്‌സിഡി ഇവിടെയും ലഭിക്കും.പൊലീസ് മൈതാനിയിൽ നടക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണനമേളയും ജന ശ്രദ്ധ നേടിയിട്ടുണ്ട്.സ്​റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണി​റ്റുകൾ, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണി​റ്റുകൾ, പരമ്പരാഗത ഉൽപന്നങ്ങൾ, റിബേ​റ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ, ജില്ല പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ നിന്നു നേരിട്ടെത്തിക്കുന്ന കാർഷിക ഉൽപന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച 125 സ്​റ്റാളുകളാണ് മേളയിലുള്ളത്.ഒപ്പം കണ്ണൂർ ഫെയറും കൈത്തറി സംഘങ്ങളുടെ പവലിയനും പൊലീസ് മൈതാനിയിലുണ്ട്.

വിപണി പിടിച്ച് കൈത്തറി

ഡെവലപ്‌മെന്റ് കമ്മിഷണർ ഫോർ ഹാന്റലൂംസ്, സംസ്ഥാന കൈത്തറി ഡയറക്ടറേ​റ്റ്, ജില്ല വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണം കൈത്തറി വസ്ത്ര പ്രദർശനമേളയിൽ സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ 20 ശതമാനം റിബേ​റ്റോടെ വാങ്ങാനാകും.കളക്ടറേ​റ്റ് മൈതാനിയിൽ രാജസ്ഥാൻ, മലബാർ മേളകളിലും തിരക്കേറെയാണ്. ഓണത്തെ വരവേൽക്കാൻ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർഷിക വ്യാവസായിക പ്രദർശന വിപണന മേളകൾ തുടങ്ങിയിട്ടുണ്ട്. കൊവിഡിൽ പ്രതിസന്ധിയിലായ കാർഷിക, വ്യാവസായിക മേഖലയെ ഉയർത്തനാണ് പഞ്ചായത്ത് തലത്തിൽ മേളകൾ.ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ് മുതൽ 12 വരെ ജില്ല ആസ്ഥാനത്ത് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വലച്ച് ഗതാഗത കുരുക്ക്

ഓണത്തിരക്ക് തുടങ്ങിയതോടെ നഗരത്തിൽ ഗതാഗത കുരുക്കും രൂക്ഷമാവുകയാണ് . വരും ദിവസങ്ങളിൽ തിരക്ക് രൂക്ഷമാകാനാണ് സാദ്ധ്യത. വാഹനവുമായെത്തുന്നവർക്ക് നഗരത്തിൽ പാർക്കിംഗിന് സൗകര്യമില്ലാത്തതും വെല്ലുവിളിയാകുന്നുണ്ട്.നഗരത്തിൽ പലയിടത്തും കാറും ഇരുചക്ര വാഹനങ്ങളും തോന്നിയതുപോലെ പാർക്ക് ചെയ്യുന്ന പ്രവണതയുമുണ്ട്.സ്റ്റേഡിയം കോർണർ ,കാൾടെക്സ്,കളക്ടറേറ്റ് പരിസരം എന്നിവിടങ്ങളിലെല്ലാം ഗതാഗതകുരുക്ക് പ്രശ്നം സൃഷ്ടിക്കുകയാണ്.



Advertisement
Advertisement